വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികൾ നിശ്ചയിക്കും, ചട്ടങ്ങൾ അനുകൂലമാക്കി നൽകി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന ഘട്ടങ്ങളിൽ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന എയര്‍ലൈൻ കമ്പനികളുടെ ചൂഷണ തന്ത്രങ്ങൾക്ക് നിയമ സാധുത കൂടി തുറന്നു നൽകി കേന്ദ്ര സര്‍ക്കാർ. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങളും പ്രതിഷേധങ്ങളും തള്ളി പുതിയ വിമാന ഫെയര്‍ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഒക്ടോബര്‍ 31 തീയതി വെച്ച് ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഭാരതീയ വായുയാൻ നിയമം, 2026' (Bharatiya Vayuyan Niyam, 2026) ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാവും. സ്വകാര്യ വിമാന കമ്പനികൾക്ക് പൂര്‍ണമായ നിയന്ത്രണവും കുത്തകയും പുതിയ ഭേദഗതികൾ ഉറപ്പു നൽകുന്നു.
പൊതു താത്പര്യം മുൻനിര്‍ത്തി അസാധാരണ സാഹചര്യങ്ങൾ ഉടലെടുക്കുകയാണെങ്കിൽ മാത്രം കേന്ദ്ര സര്‍ക്കാരിന് ഇടപെടാം എന്ന അവ്യക്തമായ ഒരു നിയന്ത്രണാധികാരം മാത്രമാണ് ചട്ടത്തിൽ നിലനിര്‍ത്തിയിരിക്കുന്നത്. റൂൾ 192 പ്രകാരമാണ് ഈ പരിമതിപ്പെടുത്തലുകൾ. സര്‍ക്കാര്‍ നിയന്ത്രണം ഉദ്ദേശിച്ചാൽ പോലും അത് നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയന്ത്രണാധികാരത്തെ തന്നെ സ്വയം പരിമിതപ്പെടുത്തി. മാത്രമല്ല, അസാധാരണ സാഹര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. നിരക്ക് നിയന്ത്രണത്തിനുള്ള അനുമതി ഇതിൽ ഉൾപ്പെടുന്നോ എന്നതും അവ്യക്തമാണ്. ഇവയുടെ കൃത്യമായ മാനദണ്ഡങ്ങൾ എന്താണെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
വിമാന കമ്പനികൾക്ക്
വിശാലമായ അധികാരങ്ങൾ
വിമാന ടിക്കറ്റ് നിരക്കുകൾ മുൻകൂട്ടി നിശ്ചയിക്കാൻ എയർലൈനുകൾക്ക് സര്‍ക്കാരിന്റെ മുൻകൂര്‍ അനുമതി വേണ്ട. മത്സര സാധ്യതകൾക്ക് അനുസൃതമായി ഫെയർ നിശ്ചയിക്കാൻ അനുമതി നൽകുമ്പോഴും അതിന് പ്രത്യേക ഫോര്‍മുലകൾ ഒന്നും നിശ്ചയിച്ചിട്ടില്ല. ഒറ്റ എയർലൈൻ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിൽ പോലും ഇത് എങ്ങിനെയാവും എന്നത് നിര്‍വചിച്ചിട്ടില്ല. പരമാവധി യാത്രക്കാരെ പിഴിയാം.
പ്രവർത്തനം നടത്തുന്നതിനുള്ള ചെലവുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് വിമാന കമ്പനികൾ ടാരിഫുകൾ നിശ്ചയിക്കേണ്ടത്.
എയർലൈനുകൾ നിശ്ചയിച്ച ഫെയർ വിവരങ്ങൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ സമർപ്പിക്കണം. ഡിജിസിഎ ഇത് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കമ്പനികൾ അവരുടെ വെബ്സൈറ്റുകളിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലോ നിരക്കുകൾ പരസ്യപ്പെടുത്തേണ്ടതുണ്ട്. എന്നിങ്ങനെ ഉപദേശ രൂപത്തിലുള്ള ചില നിര്‍ദ്ദേശങ്ങൾ മാത്രമാണ് സര്‍ക്കാർ നിലനിര്‍ത്തിയിട്ടുള്ളത്.
ബുക്കിംഗ് സമയത്തും ടിക്കറ്റിലും യാത്രക്കാരൻ അടയ്ക്കേണ്ട ആകെ ഫെയർ തുക വ്യക്തമായി കാണിക്കണം. അടിസ്ഥാന നിരക്ക് (Base Fare), നികുതികൾ (Taxes), സർവീസ് ചാർജുകൾ/ഫീസുകൾ, ക്യാൻസലേഷൻ നിരക്കുകൾ, റീഫണ്ട് വ്യവസ്ഥകൾ എന്നിവ വെവ്വേറെ രേഖപ്പെടുത്തണം. സർക്കാരിലേക്ക് അടയ്ക്കുന്ന നികുതികളും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾക്കായി ഈടാക്കുന്ന ഫീസുകളും വ്യക്തമായി തരംതിരിച്ച് കാണിക്കണം എന്നിങ്ങനെ പതിവ് ഉപാധികൾ വിജ്ഞാപനം വേര്‍തിരിച്ച് പറയുന്നു.
കോടതിയിൽ ചോദ്യം ചെയ്തപ്പോൾ
നിയമത്തിൽ വെള്ളം ചേര്‍ത്തു
എയര്‍ലൈൻ ടിക്കറ്റുകൾ അനിയന്ത്രിതമായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പരാതികൾ ഉയരുന്നു. കേരളം പോലെ ഏറ്റവും പ്രവാസി യാത്രികരുള്ള സംസ്ഥാനങ്ങളിലാണ് എയര്‍ലൈനുകൾ സീസൺ കൊള്ള നിരക്കുകൾ പ്രഖ്യാപിക്കാറ്. ഓരോ സമയങ്ങളിലും വിചിത്രമായ ന്യായങ്ങളാണ് ഇതിന് പറയാറുള്ളത്. സഹികെട്ടതോടെ പലരും കോടതിയെ സമീപിച്ച് കൊള്ളക്കെതിരെ നിയമ നടപടി തുടങ്ങി. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള നിയമ വ്യവഹാരങ്ങളെ തന്നെയും അട്ടിമറിക്കുന്നതാണ് പുതിയ ചട്ട ഭേദഗതികൾ.
പുതിയ വിജ്ഞാപനം തിടുക്കപ്പെട്ട് പുറപ്പെടുവിച്ചിരിക്കുന്നത് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹര്‍ജികളുടെ പശ്ചാത്തലത്തിലാണ്. ചൂഷണം ചോദ്യം ചെയ്യപ്പെട്ടതോടെ പുതിയ ചട്ടങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും ഒക്ടോബർ 16-ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നവംബർ 16-നകം പുതിയ ചട്ടങ്ങൾ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് വിജ്ഞാപനം പരസ്യപ്പെടുത്തിയത്.
നിയമ അവകാശങ്ങളിൽ നിന്ന്
യാത്രക്കരെ പുറത്താക്കിയത്
1937-ലെ എയർക്രാഫ്റ്റ് റൂൾസ് അനുസരിച്ച് (റൂൾ 135(4)) അമിത ഫെയർ ഈടാക്കുകയോ വിപണിയിലെ കുത്തക നിലപാടുകൾ കാണിക്കുകയോ ചെയ്താൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ ഇടപെടാൻ പ്രത്യേക വ്യവസ്ഥകളുണ്ടായിരുന്നു. എന്നാൽ പുതിയ റൂൾ 192-ൽ ഫെയർ നിരീക്ഷണം നിലനിർത്തിയിട്ടുണ്ടെങ്കിലും ഇത്തരം പ്രത്യേക കാരണങ്ങൾ എടുത്തുപറയുന്നില്ല. നിലവിലെ നേരിയ നിയന്ത്രണ അധികാരത്തെ തന്നെയും അവ്യക്തമാക്കി കൂടുതൽ ദുര്‍ബലപ്പെടുത്തി.
1934-ലെ എയർക്രാഫ്റ്റ് ആക്റ്റിന് പകരമായി കൊണ്ടുവന്ന 'ഭാരതീയ വായുയാൻ അധിനിയമം, 2024' (Bharatiya Vayuyan Adhiniyam, 2024)-ൻ്റെ കീഴിലാണ് പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2027 ജനുവരിയിൽ ഇവ നിലവിൽ വരുന്നതോടെ 1937-ലെ പഴയ ചട്ടങ്ങൾക്ക് പകരമായി പുതിയവ പ്രാബല്യത്തിൽ വരും.
1994-ൽ ടാരിഫ് നിർണയം നിയന്ത്രണമുക്തമാക്കിയതു മുതൽ ഇന്ത്യയിലെ വിമാനക്കമ്പനികളാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത്. വിപണിയിലെ ഡിമാൻഡിനും ബുക്കിംഗ് സമയത്തിനും അനുസരിച്ചുള്ള നിരക്കുകളാണ് ഇത് അനുവദിച്ച് നൽകുന്നത്. എന്നാൽ 34 ലെയും 37 ലെയും നിയമ പ്രകാരം യാത്രക്കാർക്ക് അമിതമായ ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. നിരക്ക് കൊള്ളകൾക്ക് എതിരായ ഈ നേരിയ കവചം കൂടി എടുത്തു മാറ്റുകയാണ്.
ഭാരതീയ വായുയാൻ വിധേയക്, 2024' (Bharatiya Vayuyan Vidheyak) 2024 ജൂലൈ 31-ന് ആണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു ലോക്സഭയിൽ ആദ്യമായി അവതരിപ്പിച്ചത്.
2024 ഓഗസ്റ്റ് 9-ന് ലോക്സഭയും, 2024 ഡിസംബർ 5-ന് രാജ്യസഭയും പാസാക്കി. ഇതിനുള്ള ചട്ടങ്ങളാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൂര്‍ണമയും ഹിന്ദിയിൽ ആയിരുന്ന ഈ ബില്ലിന്റെ അവതരണം. ഇത് സംബന്ധിച്ച് സഭയിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.








0 comments