അടൂർ സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയെ സംരക്ഷിച്ച് ആഭ്യന്തരമന്ത്രിയും പൊലീസും

അടൂർ: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സംരക്ഷിച്ച് പൊലീസും ആഭ്യന്തരവകുപ്പും. ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപമെത്തിയത് പൊലീസിന്റെ അനുമതിയോടെയാണെന്നാണ് പുതിയ ന്യായീകരണം. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേഷനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നും പൊലീസുകാർ പറയുന്നു.
സ്റ്റേഷനിൽ ബഹളം നടക്കുമ്പോൾ ആരൊക്കെയാണ് കയറുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമോയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചോദ്യം. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. സ്റ്റേഷൻ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന ന്യായീകരണം തുടരുകയാണ് മന്ത്രിയും ഉദ്യോഗസ്ഥരും.
ജൂലൈ 11നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയത്. കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് വാഹനം തടയുന്നതും രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിക്കുന്നതും സ്റ്റേഷനിലേക്ക് പ്രവർത്തകർ തള്ളിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപമെത്തി രാജൻ ജോസഫിനോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനും സംഘത്തിലുണ്ടായിരുന്നു.
കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് തന്നെയാണ് പരാതിക്കാരിയെ ലോക്കപ്പിന് സമീപമെത്താൻ അനുവദിച്ചതെന്നാണ് നിലവിലെ വിശദീകരണം. പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ പരാതിക്കാരിയെ പ്രതിയുടെ അടുത്തേക്ക് കടത്തിവിട്ട നടപടി വിചിത്രമാണ്. വനിതാ പൊലീസിന്റെ അഭാവം ലോക്കപ്പിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാനുള്ള കാരണമാകുന്നത് എങ്ങനെയെന്നതിലും വ്യക്തതയില്ല.
സംഭവം നടന്ന് മൂന്നുമാസത്തിലേറെയായിട്ടും കേസിൽ തുടർനടപടികളുണ്ടായിരുന്നില്ല. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തെങ്കിലും അതിക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സിപിഐ എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് പൊലീസ് അന്വേഷണം വീണ്ടും സജീവമായത്.









0 comments