'മുരശ്' നാളെ കരതൊടും; ആന്ധ്രയിലും ഒഡിഷയിലും അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിക്കുന്നു

എഐ നിർമിത ചിത്രം
അമരാവതി : അർണബിനുപിന്നാലെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റുകൂടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുരശ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ചൊവ്വ രാവിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ ആന്ധ്രാപ്രദേശ് തീരത്ത് കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാം. 120 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്. ഒഡിഷയിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിർദേശംനൽകി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി. വിശാഖപട്ടണത്തും തീരദേശ ആന്ധ്രയിലെയും രായലസീമയിലെയും വിവിധ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. നിലവിൽ ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് ഏകദേശം 260 കിലോമീറ്ററും നെല്ലൂരിൽനിന്ന് 290 കിലോമീറ്ററും അകലെയായിരുന്നു ചുഴലിക്കാറ്റിന്റെ സ്ഥാനം.
അർണബുണ്ടാക്കിയ മുറിവുണങ്ങുംമുമ്പ് വീണ്ടും നാശനഷ്ടമുണ്ടാകാതിരിക്കാൻ വൻ മുൻകരുതലുകളാണ് സ്വീകരിച്ചുവരുന്നത്. തീരപ്രദേശങ്ങളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കാനാരംഭിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുണ്ടൂർ, ബാപട്‌ല, പ്രകാശം, നെല്ലൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, ഏലൂരു, എൻടിആർ, പൽനാട്, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ആന്ധ്രയിൽ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ചൊവ്വ ഉച്ചവരെ കടലിൽ പോകരുതെന്ന് നിർദേശിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷയിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിൽ ചെന്നൈ, തിരുവള്ളൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെലങ്കാനയിലെ ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, മഹബൂബ്‌നഗർ, നാഗർകർണൂൽ, വനപർത്തി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയില്ലെങ്കിലും നവംബർ നാലുവരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.








0 comments