ഡൽഹിക്ക് ഐക്യദാർഢ്യം; കണ്ണൂരിൽ പ്രതിഷേധ ജ്വാലയുയർത്തി ജന്തർ മന്തർ സമരത്തെരുവ്


സ്വന്തം ലേഖകൻ
Published on Nov 02, 2026, 10:55 AM | 1 min read
കണ്ണൂർ : ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ബിജെപി – ആർഎസ്എസ് നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ തീ ജ്വാല ഉയർത്തി കണ്ണൂർ പയ്യാമ്പലത്ത് ജന്തർ മന്തർ ഉയർന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ രാജ്യമാകെ ഒരായിരം ജന്തർ മന്തര്‍ ഉയരുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പയ്യാമ്പലത്ത് ജന്തർ മന്തർ സമരത്തെരുവ് ഉയർന്നത്. മുഖ്യതെരെഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുകയും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബാലസംഘം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി സമരത്തെരുവ് തുടങ്ങിയത്. സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിലേക്ക് ജനാധിപത്യ വിശ്വാസികളായ ആയിരങ്ങള്‍ ഒഴുകിയെത്തി.

ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലായ്മ ചെയ്യുക എന്ന ആർഎസ് എസ്സിന്റെ പ്രഖ്യാപിത നയം നടപ്പാക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള താക്കീതായി മാറി പ്രതിഷേധം. പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും അവകാശം ഇല്ലാതാക്കി പൊലീസിന് ഉപയോഗിച്ച് അവരെ ക്രൂരമായി നേരിട്ട ബിജെപി സര്‍ക്കാരിന്റെ കിരാത നടപടികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പയ്യാമ്പലത്ത് പ്രതിഷേധം ആളിപ്പടരും. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും പയ്യാമ്പലത്തേക്ക് പ്രകടനവും നടന്നു. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.









0 comments