Deshabhimani

യൂറോപ്പിൽ പ്രക്ഷോഭം ആളിക്കത്തുന്നു; ഫ്രാൻസിലും ജർമനിയിലും ലക്ഷങ്ങൾ തെരുവിൽ

europe protest

കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Nov 02, 2026, 10:19 AM | 2 min read

പാരിസ്: രൂക്ഷമായ വിലക്കയറ്റത്തിനും ജീവിതച്ചെലവ് വർധനയ്ക്കുമെതിരെ യൂറോപ്പിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഫ്രാൻസിലും ജർമനിയിലും കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും കൂടുതൽ പണം അനുവദിക്കുക, വേതനം വർധിപ്പിക്കുക, ഭവനപ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് വിദ്യാർഥികളും തൊഴിലാളികളും യുവജനങ്ങളും തെരുവിലിറങ്ങിയത്. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം തുടരുകയാണ്.


ഫ്രാൻസിൽ തുടർച്ചയായ മൂന്നാം വാരാന്ത്യത്തിലും വൻ പ്രതിഷേധറാലികൾ നടന്നു. പാരിസ്, മാർസെൽ, ലിയോൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന പ്രകടനങ്ങളിൽ 3.2 ലക്ഷം പേർ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ച് ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികൾക്കെതിരെ വിദ്യാർഥികൾ ആരംഭിച്ച സമരം പിന്നീട് തൊഴിലാളി സംഘടനകളും മറ്റ് ജനകീയ പ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയായിരുന്നു. ജീവിതച്ചെലവ് കുറയ്ക്കണമെന്നും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.


പാരിസിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ചിലയിടങ്ങളിൽ കല്ലേറും തീയിടലുമുണ്ടായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം പ്രകടനങ്ങളും സമാധാനപരമായിരുന്നു. എങ്കിലും ചില അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നവംബർ അഞ്ചിന് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.


ജർമനിയിൽ യുവജന സംഘടനയായ 'ജെൻ സീ റെഗെൽറ്റ്' ആഹ്വാനം ചെയ്ത പ്രതിഷേധം 34 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഒരു ലക്ഷത്തിലധികം പേർ പ്രകടനങ്ങളിൽ പങ്കെടുത്തു. ഫ്രാങ്ക്ഫർട്ട്, ബർലിൻ, കൊളോൺ തുടങ്ങിയ നഗരങ്ങളിലാണ് വൻ പ്രതിഷേധം നടന്നത്. വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും കൂടുതൽ സർക്കാർ നിക്ഷേപം വേണമെന്നതാണ് പ്രധാന ആവശ്യം. ഫ്രാങ്ക്ഫർട്ടിൽ പ്രകടനങ്ങൾക്ക് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ നൂറിലധികം പൊലീസുകാർക്ക് പരിക്കേറ്റു. 54 പേരെ അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധമില്ലെന്ന് പ്രതിഷേധ സംഘാടകർ വ്യക്തമാക്കി.


സ്പെയിനിലും പോർച്ചുഗലിലും ഉയർന്ന വീട്ടുവാടകയ്ക്കെതിരായ സമരങ്ങൾ തുടരുകയാണ്. മാഡ്രിഡിൽ ഭവനപ്രതിസന്ധിക്കെതിരെ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പോർച്ചുഗലിലെ ലിസ്ബണിൽ പ്രതിഷേധ ക്യാമ്പുകൾ പൊലീസ് ഒഴിപ്പിച്ചു. ഇറ്റലിയിൽ വേതനവർധനയും പൊതുസേവനങ്ങൾക്ക് കൂടുതൽ ധനസഹായവും ആവശ്യപ്പെട്ട് വിദ്യാർഥികളും തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. നവംബറിൽ സ്പെയിനിലും ഇറ്റലിയിലും പൊതുപണിമുടക്കുകൾക്ക് ആഹ്വാനമുണ്ട്.


ജീവിതച്ചെലവ് ഉയരുമ്പോഴും സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പ്രതിഷേധമാണ് യൂറോപ്പിലെ തെരുവുകളിൽ ശക്തമാകുന്നത്. സമരങ്ങൾ തുടരുന്നത് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്ക് മേലുള്ള സമ്മർദവും വർധിപ്പിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home