ആറ് എക്സ്പ്രസ് ട്രെയിനുകൾ മൈസൂരു ഡിവിഷനിലേക്ക്; വന്ദേഭാരതും കൈവിടുന്നു

പ്രതീകാത്മകചിത്രം
നിലമ്പൂർ : മംഗളൂരു റെയിൽവേ സ്റ്റേഷന്റെ നിയന്ത്രണം പാലക്കാട് ഡിവിഷനിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ എക്സ്പ്രസ് ട്രെയിനുകളുടെ നേരിട്ടുള്ള നിയന്ത്രണമില്ലാത്ത ഡിവിഷനായി പാലക്കാട്. ട്രെയിനുകളുടെ സർവീസ് നമ്പർ ശ്രേണി മാറ്റിയാണ് അധികാര കൈമാറ്റം നടപ്പാക്കുന്നത്. 2027 ജനുവരി ഒന്നുമുതൽ പാലക്കാട് ഡിവിഷനു കീഴിലുണ്ടായിരുന്ന ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനിലാകും.
ഇതുവരെ 166 ശ്രേണിയിലുള്ള നമ്പറുകളിലാണ് പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്. പുതിയ ക്രമീകരണത്തോടെ ഇവ 162 ശ്രേണിയിലേക്ക് മാറും. യാത്രക്കാർക്ക് നമ്പർ മാറ്റമായി മാത്രം തോന്നാവുന്ന ഈ നടപടി ട്രെയിനുകളുടെ ഭരണപരമായ നിയന്ത്രണത്തിലും പരിപാലന സംവിധാനത്തിലും നിർണായക മാറ്റമാണ് വരുത്തുന്നത്.
ട്രെയിനുകളുടെ നമ്പർ മാറ്റം സംബന്ധിച്ച ഉത്തരവിലൂടെയാണ് റെയിൽവേ മാറ്റം നടപ്പാക്കുന്നത്. നമ്പർ മാറുന്നതോടെ ടിക്കറ്റ് ബുക്കിങ്, ട്രെയിൻ വിവരങ്ങൾ തിരയൽ, യാത്രാ അറിയിപ്പുകൾ എന്നിവയിൽ പുതിയ നമ്പറുകൾ യാത്രക്കാർ പരിചയപ്പെടേണ്ടിവരും. എന്നാൽ ഇതിന്റെ പ്രധാന പ്രത്യാഘാതം പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിൽനിന്ന് ട്രെയിനുകൾ പുറത്താകുന്നതാണ്.
ആറ് എക്സ്പ്രസ് ട്രെയിനുകൾ മൈസൂരുവിലേക്ക്
ജനുവരി ഒന്നുമുതൽ മലബാർ, മാവേലി, ഏറനാട്, പരശുറാം, മംഗളൂരു–രാമേശ്വരം, മംഗളൂരു–കോഴിക്കോട്, പാലക്കാട്–കണ്ണൂർ സർവീസുകളുമായി ബന്ധപ്പെട്ട ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്ക് മാറും. നിലവിലെ 166 ശ്രേണിയിൽനിന്ന് 162 ശ്രേണിയിലേക്കാണ് നമ്പറുകൾ പുനർനിശ്ചയിക്കുന്നത്. ആറ് ട്രെയിനുകളെന്ന കണക്കിൽ സർവീസുകളുടെ ഇരുവശത്തേക്കുമുള്ള യാത്രകൾ ഉൾപ്പെടുന്നതിനാൽ 12 സർവീസുകളാണ് നമ്പർ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്.
വന്ദേഭാരതും കൈവിടുന്നു
എക്സ്പ്രസ് ട്രെയിനുകൾക്കൊപ്പം വന്ദേഭാരത് സർവീസുകളുടെ നമ്പറിലും മാറ്റമുണ്ടാകും. മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് 20631/20632 എന്ന നമ്പറിൽനിന്ന് 26659/26660 എന്ന നമ്പറിലേക്ക് മാറും. മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് 20646/20645 എന്ന നമ്പറിൽനിന്ന് 26657/26658 ആയും മാറും. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്ക് മാറുന്നത് പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിലെ പ്രധാന മാറ്റമാണ്. മംഗളൂരു സ്റ്റേഷനിലെ പരിപാലന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ നിയന്ത്രണവും ഇതോടെ പാലക്കാട് ഡിവിഷനു നഷ്ടമാകും.
72 കോച്ചുകൾ പരിപാലിക്കാനുള്ള സൗകര്യം നഷ്ടമായി
മംഗളൂരു സ്റ്റേഷൻ പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നപ്പോൾ അവിടത്തെ വിപുലമായ പരിപാലന സൗകര്യങ്ങൾ ഡിവിഷനുമായി ബന്ധപ്പെട്ട ട്രെയിനുകൾക്കും പ്രയോജനപ്പെട്ടിരുന്നു. സ്റ്റേഷനിൽ മൂന്ന് പിറ്റ് ലൈനുകളാണുള്ളത്. ഓരോന്നിലും 24 കോച്ചുകൾ വീതം ഉൾക്കൊള്ളാനാകും. ഒരേസമയം 72 കോച്ചുകൾ വരെ നിർത്തിയിട്ട് പരിശോധനയും അറ്റകുറ്റപ്പണിയും നടത്താൻ കഴിയുന്ന സംവിധാനമാണിത്.
ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളുടെ പരിപാലനത്തിനും റേക്കുകളുടെ ക്രമീകരണത്തിനും ഇത്തരം സൗകര്യങ്ങൾ നിർണായകമാണ്. മംഗളൂരു സ്റ്റേഷന്റെ നിയന്ത്രണം മൈസൂരു ഡിവിഷനിലേക്ക് മാറിയതോടെ ഈ പരിപാലന സംവിധാനങ്ങളും പാലക്കാട് ഡിവിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽനിന്ന് പുറത്തായി.
പാലക്കാട് ഡിവിഷനിൽ പിറ്റ് ലൈൻ സൗകര്യമില്ലാത്തതാണ് ട്രെയിനുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷൊർണൂരിൽ പിറ്റ് ലൈൻ സംവിധാനമുണ്ടെങ്കിലും പാസഞ്ചർ സർവീസുകളുടെ ആവശ്യങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളുടെ വിപുലമായ പരിപാലനത്തിന് ആവശ്യമായ സൗകര്യം പാലക്കാട് ഡിവിഷനിൽ ഒരുക്കാനായിട്ടില്ല.
പാലക്കാട് ടൗണിലെ പിറ്റ് ലൈൻ നിർമാണം ഇഴയുന്നു
പാലക്കാട് ടൗണിൽ പിറ്റ് ലൈൻ നിർമിക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നുവർഷത്തോളമായി. എന്നാൽ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. മംഗളൂരുവിലെ മൂന്ന് പിറ്റ് ലൈനുകളുടെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ പാലക്കാട് ടൗണിലെ പിറ്റ് ലൈൻ നിർമാണം പൂർത്തിയാക്കാത്തത് ഡിവിഷന്റെ പ്രവർത്തനപരമായ ശേഷിയെയും ബാധിക്കും.
പുതിയ എക്സ്പ്രസ് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യങ്ങൾ ഉയരുമ്പോഴും അവയുടെ പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പുരോഗതിയില്ല. പരിപാലന സൗകര്യങ്ങളുടെ അഭാവം ട്രെയിനുകളുടെ നിയന്ത്രണത്തിലും ഡിവിഷന്റെ പ്രവർത്തന പരിധിയിലും മാറ്റമുണ്ടാക്കുന്ന സാഹചര്യമാണുണ്ടാക്കിയത്.
എന്താണ് പിറ്റ് ലൈൻ?
ട്രെയിനുകളുടെ കോച്ചുകളുടെ അടിഭാഗം പരിശോധിക്കാനും അറ്റകുറ്റപ്പണി നടത്താനും ഒരുക്കിയ പ്രത്യേക റെയിൽപ്പാതയാണ് പിറ്റ് ലൈൻ. സാധാരണ പാളത്തിൽനിന്ന് വ്യത്യസ്തമായി ഇതിന്റെ നടുവിൽ നീളത്തിൽ കുഴിയുണ്ടാകും. ഈ കുഴിയിലൂടെ ജീവനക്കാർക്ക് കോച്ചുകളുടെ അടിഭാഗത്ത് എത്തി ബ്രേക്ക് സംവിധാനം, ചക്രങ്ങൾ, ആക്സിൽ, സസ്പെൻഷൻ തുടങ്ങിയ യന്ത്രഭാഗങ്ങൾ പരിശോധിക്കാനാകും. ആവശ്യമായ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനും പിറ്റ് ലൈൻ ഉപയോഗിക്കുന്നു. ദീർഘദൂര ട്രെയിനുകളുടെ സുരക്ഷിതമായ സർവീസിന് ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണ്.









0 comments