Deshabhimani

കള്ളനോട്ട്‌ സാമഗ്രികൾ പിടിച്ച കേസ്‌: നോട്ട്‌ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് നിരവധി പേരിൽനിന്നും പണം തട്ടി

youth arrested with Counterfeit Currency
avatar
സ്വന്തം ലേഖകൻ

Published on Nov 02, 2026, 10:04 AM | 2 min read

കൊല്ലം : കൊല്ലം വാടിയിൽനിന്ന് കള്ളനോട്ടും കള്ളനോട്ട്‌ അച്ചടിക്കുന്ന സാമഗ്രികളും തിമിംഗില ഛർദിയും കണ്ടെത്തിയ കേസിൽ കസ്‌റ്റഡിയിലുള്ള നോട്ട്‌ ഇരട്ടിപ്പിച്ചുനൽകാമെന്ന്‌ പറഞ്ഞ്‌ നിരവധി പേരിൽനിന്നും പണം തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച്‌. സിബിയോണുമായി നടത്തിയ തെളിവെടുപ്പിലാണ്‌ സുപ്രധാനമായ വിവരങ്ങൾ എസിപി ആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്‌ ലഭിച്ചത്‌. നോട്ട്‌ ഇരട്ടിപ്പിനായി വലിയ തുകകളാണ്‌ പലരിൽനിന്നും ഇയാൾ വാങ്ങിയിട്ടുള്ളത്‌.


കള്ളനോട്ട്‌ വാഹനത്തിലും വീഡിയോയിലും കാട്ടിയശേഷമാണ്‌ യഥാർഥ നോട്ടുകെട്ടുകൾ പ്രതി കൈക്കലാക്കുന്നത്‌. എന്നാൽ, വാങ്ങിയതുകയുടെ ഇരട്ടി കള്ളനോട്ട്‌ കൊടുക്കാതെ സിബിയോൺ ആളുകളെ പറ്റിക്കും. ഇങ്ങനെ പണം കൊടുത്ത്‌ തിരികെ കിട്ടാത്ത കോഴിക്കോട്‌ സ്വദേശിയാണ്‌ സിബിയോണിനെ കൊല്ലത്തെത്തി തട്ടിക്കൊണ്ടുപോയതതെന്നും പൊലീസിന്‌ വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവരുമായി അടുത്ത ബന്ധമുള്ളയാളാണ്‌ പിടിയിലായ ആദർശ് ബാബു. കസ്‌റ്റഡിയിൽ വാങ്ങി ആദർശിനെയും സിബിയോണിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്‌തിരുന്നു. പണം തിരികെ ആവശ്യപ്പെട്ടവരെ ആക്രമിക്കുന്ന പതിവും പ്രതിക്കുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിനെല്ലാം സിബിയോണിന്‌ സഹായംചെയ്‌തു നൽകുന്നവരെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്‌.


അതിനിടെ സിബിയോണിന്റെ മൊബൈൽ ഫോൺ കോൾ ഹിസ്‌റ്ററിയും ബാങ്ക്‌ അക്ക‍ൗണ്ടും പരിശോധിക്കുന്നുണ്ട്‌. ഇയാളുമായി സാമ്പത്തിക ഇടപാടുള്ളവരുടെ വിവരവും ശേഖരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്‌ച അനേഷണ സംഘം പ്രതിയുമായി തിരുവനന്തപുരം ആയൂർവേദ കോളേജ്‌, വേളി എന്നിവിടങ്ങളിൽ തെളിവെടുപ്പ്‌ നടത്തി. സാന്പത്തിക ഇടപാടുള്ള ഒരാളുടെ പേര്‌ പ്രതി പറഞ്ഞതിനെ തുടർന്ന്‌ ആയൂർവേദ കോളേജിന്‌ സമീപം എത്തിയെങ്കിലും അങ്ങനൊരാൾ അവിടെ താമസിക്കുന്നില്ലെന്ന വിവരമാണ്‌ പൊലീസിന്‌ ലഭിച്ചത്‌. വേളിയിലുള്ള പ്രതിയുടെ സഹോദരിയുടെ വീട്ടിലും അന്വേഷണ സംഘം എത്തി. അതിനിടെ സിബിയോൺ അന്വേഷണം വഴിതെറ്റിക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്നതായും പൊലീസ്‌ സംശയിക്കുന്നു. പ്രതിയുമായി തിങ്കളാഴ്‌ചയും തെളിവെടുപ്പ്‌ തുടരും. സിബിയോണിന്റെ പൊലീസ്‌ കസ്‌റ്റഡി കാലാവധി നാലിന്‌ അവസാനിക്കും.

​

ഡബിൾറോളിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌


പൊലീസ്‌ നിരീക്ഷണത്തിലുള്ള യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പള്ളിമുക്കിലെ അജ്‌മൽ നവാസ്‌ കള്ളനോട്ടുകേസ്‌ പ്രതി സിബിയോണിന്റെ വലംകൈയാണെന്ന വിവരം അന്വേഷണസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അതിനിടെ പണം ലക്ഷ്യമിട്ട്‌ സിബിയോണിനെ തട്ടികൊണ്ടുപോകാൻ കോഴിക്കോട്ടുനിന്നും എത്തിയ സംഘത്തിന്‌ അജ്‌മൽ സഹായംചെയ്‌ത്‌ കൊടുത്തിട്ടുണ്ടോ എന്നും പൊലീസ്‌ സംശയിക്കുന്നു. ഒരേസമയം രണ്ട്‌ റോൾ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എടുത്തതായാണ്‌ അന്വേഷണസംഘത്തിന്റെ നിഗമനം. അജ്‌മൽ നവാസിന്റെ ഫോൺ വിളികളും ബാങ്ക്‌ അക്ക‍ൗണ്ടും പരിശോധിക്കും. അതിനിടെ സിബിയോണിന്‌ എല്ലാ സഹായങ്ങളും ചെയ്യുന്നത്‌ കൊല്ലം നഗരത്തിലെ പഴയ ഗുണ്ടാസംഘത്തിലെ ചിലരാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home