പോരാളി മടങ്ങി

ഇരമ്പിയാർത്ത്‌ ആൾക്കടൽ

വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ചാത്തന്നൂരിൽ എത്തിയവർ
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jul 23, 2025, 02:09 AM | 2 min read


കൊല്ലം

ആശയവും ആശ്രയവും ആരവവുമായിരുന്നു കൊല്ലത്തിന്‌ വി എസ്‌. ജീവിതത്തിലുടനീളം വി എസ്‌ തങ്ങൾക്കായി ജീവിച്ചുവെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന ജനതയിൽ അനാഥത്വം സൃഷ്‌ടിച്ച്‌ പോരാളി മടങ്ങുമ്പോൾ വിതുമ്പി ദേശിങ്ങനാട്‌.

വേദികളിൽ ഇളകിയാടി ജനസഞ്ചയത്തെ ഇളക്കിമറിച്ച വി എസ്‌ അതേ ജനസാഗരത്തിനു നടുവിലൂടെ ശാന്തമായി മടങ്ങി. പക്ഷേ, അപ്പോഴും ആൾക്കടൽ ഇരമ്പിക്കൊണ്ടേയിരുന്നു. ജീവിതം സമരമാക്കുകയും ജനകോടികളെ സമരസജ്ജരാക്കുകയുംചെയ്‌ത നൂറ്റാണ്ടിന്റെ ജനനായകനെ സമരങ്ങളുടെ ചരിത്രഭൂമികയിൽ കാണാനെത്തിയത്‌ ആയിരങ്ങൾ. കർമവഴികളിൽ കൊല്ലത്തെ എന്നും നെഞ്ചോടുചേർത്ത ധീരനേതാവിനെ ഒരുനോക്ക്‌ കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും ദേശീയപാതയുടെ ഇരുഭാഗത്തും പാതിരാത്രിയിലും മണിക്കൂറുകൾ കാത്തുനിന്നു സാധാരണക്കാർ. ഇടനെഞ്ചിൽ നീറുന്നൊരു മുദ്രാവാക്യമായി വി എസ്‌ എന്ന രണ്ടക്ഷരം മാത്രം. കണ്ണും കരളുമായി, ഉയിരും ഉശിരുമായി ജനഹൃദയങ്ങളിലുണ്ട്‌ വി എസ്‌ എന്ന്‌ കാത്തുനിന്നവരുടെ ഓരോരുത്തരുടെയും മുഖത്തുനിന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. മരണവിവരം അറിഞ്ഞപ്പോഴും മൃതദേഹം പൊതുദർശനത്തിന്‌ വച്ചപ്പോഴും തലസ്ഥാനത്ത്‌ ജനസാഗരമായിരുന്നു. വിലാപയാത്ര തുടങ്ങിയതോടെ സാഗരം അലയടിയായി, അലയൊലിയായി വാനിൽ ഉയർന്നു. മണിക്കൂറുകൾ എടുത്താണ്‌ തിരുവനന്തപുരത്തെ ഓരോ സ്വീകരണകേന്ദ്രവും കടന്ന് വിലാപയാത്ര കൊല്ലത്ത് എത്തിയത്. ജന്മംകൊണ്ട്‌ ആലപ്പുഴയാണെങ്കിലും വി എസ്‌ എന്നും ഏറെ ഇഷ്ടപ്പെട്ടിരുന്ന നാടാണ്‌ കൊല്ലം. കരുതലും കൈത്താങ്ങുമായി വി എസിന്റെ കൈയൊപ്പ്‌ പതിഞ്ഞ നിരവധി അടയാളങ്ങൾ കൊല്ലത്തിന്റെ നാട്ടിടങ്ങളിലും നഗരങ്ങളിലും യഥേഷ്ടമുണ്ട്‌. സിപിഐ എം സംസ്ഥാന സെക്രട്ടറി, എൽഡിഎഫ്‌ കൺവീനർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌ എന്നീ നിലകളിലൊക്കെ വി എസ്‌ കൊല്ലത്തിനുവേണ്ടി നടത്തിയത്‌ എണ്ണിയാലൊടുങ്ങാത്ത ഇടപെടലുകൾ, പോരാട്ടങ്ങൾ. കൊല്ലം ചരിത്രം അടയാളപ്പെടുത്തിയ ഏറ്റവും വലിയ കശുവണ്ടിത്തൊഴിലാളി സമരത്തിലും നായകനായി വി എസ്‌ ഉണ്ടായിരുന്നു.

പാരിപ്പള്ളിയിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ പുഷ്പചക്രം അർപ്പിച്ച് ജില്ലയിലേക്ക് വരവേറ്റു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ്, എം എച്ച് ഷാരിയർ, എസ് ജയമോഹൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, ബി തുളസീധരക്കുറുപ്പ്, പി എ എബ്രഹാം, എസ് വിക്രമൻ, എസ് എൽ സജികുമാർ, കെ സേതുമാധവൻ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ് എം സജി, എം എസ് പത്മകുമാർ, പി കെ ബാലചന്ദ്രൻ, പി വി സത്യൻ, സുബ്ബലാൽ, എം നസീർ, വി ജയപ്രകാശ് എന്നിവരെ കൂടാതെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേർ ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് അഞ്ചു മുതൽ കാണാൻ കാത്തുനിന്നവർക്കായി പ്രത്യേക പന്തലും ഇരിപ്പിടവും ഒരുക്കിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home