കൈതോലപ്പായയുമായി മുത്തശ്ശി

തഴവയിൽ വെങ്കല പ്രതിമ ഉയരും

ശിൽപ്പത്തിന്റെ മാതൃക
avatar
എം അനിൽ

Published on Oct 09, 2025, 12:32 AM | 1 min read

കൊല്ലം

തഴപ്പായയുടെ ഇ‍ൗറ്റില്ലമായ തഴവയിൽ പൈതൃകശിൽപ്പം ഒരുങ്ങുന്നു. നാടിന്റെ ചരിത്രവും തുടിപ്പും അടയാളപ്പെടുത്തുന്ന തഴപ്പായ കൈയിലേന്തി നിൽക്കുന്ന മുത്തശ്ശിയുടെ (തഴവ മുത്തശ്ശി) വെങ്കല പ്രതിമയാണ്‌ ഉയരുന്നത്‌. തഴവ പഞ്ചായത്തിന്റെ തനതുഫണ്ട്‌ 6.50 ലക്ഷം ചെലവഴിച്ച്‌ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ്‌ പ്രതിമ ഒരുക്കുന്നത്‌. പ്രതിമ സ്ഥാപിക്കാൻ തദ്ദേശവകുപ്പ്‌ അനുമതി നൽകി. അഞ്ച്‌ അടിയാണ്‌ ഉയരം. തഴയും തഴപ്പായയും തഴവയുടെ പൈതൃകമാണ്. കുതിരപ്പന്തി, കുറ്റിപ്പുറം, മണപ്പള്ളി, കാളിയൻചന്ത എന്നിവിടങ്ങളിലായിരുന്നു പായ വിൽപ്പനയുടെ കേന്ദ്രങ്ങൾ. ശിൽപ്പിയും ആദിത്യവിലാസം ഗവ. ഹൈസ്‌കൂൾ റിട്ട. ചിത്രരചനാ അധ്യാപകനുമായ ടി രാജേന്ദ്രനാണ്‌ ശിൽപ്പത്തിന്റെ നിർമാണച്ചുമതല. തദ്ദേശവകുപ്പ്‌ അനുമതി നൽകിയിട്ടുണ്ട്‌. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറാണ്‌ നിർവഹണ ഉദ്യോഗസ്ഥൻ. നാലുമാസത്തിനുള്ളിൽ ശിൽപ്പം സ്ഥാപിക്കും. നിർമാണത്തിന്‌ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിലെ വിദഗ്‌ധരുടെ അഭിപ്രായം തേടിയിരുന്നു. കോളേജ്‌ പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോഹത്തിന്റെ വിലനിലവാരം, പ്രതിഫലം, ശിൽപ്പിയുടെ ഓണറേറിയം തുടങ്ങിയവ പരിഗണിച്ചാണ്‌ ആറര ലക്ഷം രൂപയുടെ ചെലവ്‌ കണക്കാക്കിയതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി സദാശിവൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ ആർ അമ്പിളിക്കുട്ടൻ എന്നിവർ പറഞ്ഞു. അടുത്ത ആഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിർമാണോദ്‌ഘാടനം നിർവഹിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home