കെഎസ്‌ഇബി ചീഫ്‌ സേഫ്‌റ്റി കമീഷണർ റിപ്പോർട്ട്‌ നാളെ കൈമാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Jul 20, 2025, 01:06 AM | 1 min read

കൊല്ലം

തേവലക്കര ബോയ്‌സ്‌ ഹൈസ്‌കൂൾ വിദ്യാർഥി മിഥുൻ ഷോക്കേറ്റ്‌ മരിച്ച സംഭവത്തിൽ തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ ചീഫ്‌ എൻജിനിയർ കെ ജി സന്ദീപ്‌ സർക്കാരിനു കൈമാറി. കെഎസ്‌ഇബി ചീഫ്‌ സേഫ്‌റ്റി കമീഷണറുടെ അന്തിമ റിപ്പോർട്ട്‌ തിങ്കളാഴ്‌ച വൈദ്യുതി മന്ത്രിക്ക്‌ നൽകും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട്‌ പൂർത്തിയാകാൻ 15 ദിവസം വേണ്ടിവരും. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ സ്‌കൂളിന്റെ ചുമതലയുള്ള എഇഒ ആന്റണി പീറ്റർക്ക്‌ നൽകിയ വിശദീകരണ നോട്ടീസിന്‌ ശനിയാഴ്‌ച മറുപടി ലഭിച്ചു. സ്‌കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം തിങ്കളാഴ്‌ച നൽകുമെന്ന്‌ മാനേജർ ആർ തുളസീധരൻപിള്ള പറഞ്ഞു. ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ മൈനാഗപ്പള്ളി പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ എൻജിനിയർ ഫസീലാബീവി വെള്ളിയാഴ്‌ച നൽകിയ വിശദീകരണത്തിൽ പറയുന്നത്‌ സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ്‌ മാത്രമാണ്‌ പരിശോധിച്ചതെന്നാണ്‌. കെട്ടിടത്തിനോട്‌ ചേർന്നുള്ള സൈക്കിൾ ഷെഡിന്റെ ഫിറ്റ്‌നസിന്‌ അപേക്ഷ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അനുമതിയില്ലാതെ സൈക്കിൾ ഷെഡ്‌ നിർമിച്ചതിന്‌ പഞ്ചായത്ത്‌ സെക്രട്ടറി മാനേജ്‌മെന്റിന്‌ ശനിയാഴ്‌ച കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌ മന്ത്രി വി ശിവൻകുട്ടിക്ക്‌ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ നൽകിയിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം പ്രധാനാധ്യാപിക എസ്‌ സുജയെ മാനേജ്‌മെന്റ്‌ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. സ്‌കൂൾ ഗ്രൗണ്ടിലൂടെയുള്ള വൈദ്യുതിലൈൻ കെഎസ്‌ഇബി അധികൃതർ ശനി രാത്രിയോടെ നീക്കി. കെഎസ്‌ഇബി ചീഫ്‌ സേഫ്‌റ്റി കമീഷണർ എം എ പ്രവീൺ സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സേഫ്‌റ്റി കമീഷണർ പ്രസന്നകുമാർ പ്രാഥമിക റിപ്പോർട്ട്‌ നൽകിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നു. വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദേശിച്ച പ്രകാരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പ്രാഥമിക പരിശോധനാ റിപ്പോർട്ട്‌ നൽകിയിരുന്നു സംഭവത്തിൽ അസ്വാഭാവിക മരണത്തിന്‌ ശാസ്‌താംകോട്ട പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ശാസ്‌താംകോട്ട ഡിവൈഎസ്‌പി മുകേഷിന്റെ മേൽനോട്ടത്തിൽ ശാസ്‌താംകോട്ട സിഐ അനീസിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷകസംഘത്തിന്‌ രൂപംനൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home