കളം റെഡി ഇനി തദ്ദേശപ്പോര്

ജയൻ ഇടയ്‌ക്കാട്
Published on Nov 11, 2025, 01:15 AM | 2 min read
കൊല്ലം
നവകേരളകാലത്തെ തദ്ദേശപ്പോരിന് നാടുണർന്നു. കൊല്ലത്തിന്റെ ഇരവുപകലുകൾ ഇനി മുപ്പതുനാൾ തെരഞ്ഞെടുപ്പ് ആരവത്തിൽ. അടുത്ത അഞ്ചുവർഷം കാലത്തിനൊപ്പം പ്രാദേശികവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനനായകരെ കണ്ടെത്താനുള്ള കണക്കുകൂട്ടലും കിഴിക്കലും ഇനി നാട്ടിടങ്ങളുടെയും നഗരത്തിന്റെയും സ്‌പന്ദനങ്ങളിൽ നിറയും. വിജയപഥത്തിലേക്കുള്ള യാത്രയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആവേശം ജ്വലിക്കും. 1314 പഞ്ചായത്ത് വാർഡുകളിലേക്കും 166 ബ്ലോക്ക് ഡിവിഷനുകളിലേക്കും 27 ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കും 135 മുനിസിപ്പൽ വാർഡുകളിലേക്കും 56 കോർപറേഷൻ വാർഡുകളിലേക്കും ഡിസംബർ ഒന്പതിനാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും. 22.54 ലക്ഷമാണ് ജില്ലയിൽ നിലവിലുള്ള വോട്ടർമാരുടെ എണ്ണം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനും സംവരണവാർഡുകൾ നിശ്‌ചയിച്ചതിനും തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ചുരുങ്ങിയ നാളുകളാണ് ഇനിയുള്ളത്. അതിനനുസൃതമായി മുന്ന് മുന്നണികളും തയ്യാറെടുപ്പ് നടത്തുന്നു. സംഘാടനവും പ്രചാരണവും ഒരുമിച്ച് നടത്തി മേൽക്കൈ നിലനിർത്തിയായാണ് എൽഡിഎഫ് കളത്തിലിറങ്ങുന്നത്. 2020ലെ തെരഞ്ഞെടുപ്പിലുണ്ടായ മേൽക്കൈ നിലനിർത്തി ജില്ലയിലെ 43 പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു. 23 പഞ്ചായത്തുകളിൽ യുഡിഎഫിനാണ്. കല്ലുവാതുക്കൽ, ഉമ്മന്നൂർ പഞ്ചായത്തുകൾ ബിജെപി – യുഡിഎഫ് സഖ്യവും. കൊല്ലം കോർപറേഷൻ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, 11ൽ 10 ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങൾ എൽഡിഎഫ് നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അതതിടത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രകടനപത്രികയായി ജനങ്ങളിലെത്തിക്കുന്നു. ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൈയിലെത്തിച്ചും അത്യാധുനിക വികസന പദ്ധതികളടക്കം കേരളത്തിന് സമ്മാനിച്ചും എൽഡിഎഫ് സർക്കാർ കുതിക്കുന്നു. ഈ നേട്ടങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള കാത്തിരിപ്പിലാണ് ജില്ലയിലെ വോട്ടർമാർ. ഗൃഹസന്ദർശനം പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനത്തിന് സജ്ജരായി കഴിഞ്ഞു എൽഡിഎഫ് നേതൃത്വം. ജില്ല അതിദാരിദ്ര്യമുക്‌തമായതിന്റെ ആഹ്ലാദം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിലവിലുള്ള ക്ഷേമപെൻഷൻ വർധന, വനിതകൾക്ക് പുതിയ പെൻഷൻ പദ്ധതി ഉൾപ്പെടെ സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ എല്ലാവിഭാഗം ജനങ്ങളും ഹ്യദയപൂർവം നെഞ്ചേറ്റുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മേൽക്കെ നേടാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും വിമതരുടെ പട തിരിച്ചടിയായി. ജനപ്രതിനിധികളടക്കം പലയിടത്തും കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒറ്റയ്‌ക്ക് മത്സരിക്കാൻ ഉറപ്പില്ലാത്ത സ്ഥലങ്ങളിൽ ബിജെപി – യുഡിഎഫ് രഹസ്യധാരണയ്‌ക്ക് ശ്രമം നടക്കുന്നു.









0 comments