2415 കോടിക്ക് അംഗീകാരം

ജയൻ ഇടയ്‌ക്കാട്
Published on Jun 10, 2025, 12:34 AM | 1 min read
കൊല്ലം
2025-–- 26 സാമ്പത്തിക വർഷം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ 2415.20 കോടിയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 13,636 പുതിയതും 8554 സ്‌പിൽ ഓവറും ഉൾപ്പെടെ 22,190 പദ്ധതിയാണുള്ളത്. 68 പഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും കോർപറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 85 തദ്ദേശസ്ഥാപനമാണുള്ളത്. ഉൽപ്പാദന മേഖലയിൽ 205 കോടിയുടെ 1356 പദ്ധതിക്കും പശ്ചാത്തല മേഖലയിൽ 590 കോടിയുടെ 3124 പദ്ധതിക്കും സേവനമേഖലയിൽ 1619 കോടിയുടെ 7555 പദ്ധതിക്കും അംഗീകാരമായി. ജില്ലാ പഞ്ചായത്തിന്റെ 193.47 കോടിയുടെ 791 പദ്ധതിയും കോർപറേഷന്റെ 319.63 കോടിയുടെ 1189 പദ്ധതിയും അംഗീകരിച്ചു. സർക്കാർ നിശ്ചയിച്ച മുൻഗണനാ പദ്ധതികൾക്കും ആസൂത്രണ സമിതിയുടെ നിർദേശങ്ങൾക്കും അനുസൃതമായിട്ടാണ് പദ്ധതികൾ. നിലവിലെ ഭരണസമിതികളുടെ അവസാന വാർഷിക പദ്ധതിയായതിനാൽ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണന. ശുചിത്വ -മാലിന്യ സംസ്കരണം, ഹാപ്പിനസ് പാർക്കുകൾ, ആരോഗ്യകേന്ദ്രങ്ങൾക്കും ഉപആരോഗ്യകേന്ദ്രങ്ങൾക്കും സ്ഥലം–- കെട്ടിടം, കാർബൺ ന്യൂട്രൽ, ബ്ലോക്ക് അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾക്കും മുഖ്യ പരിഗണന നൽകിയിട്ടുണ്ട്. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതികളും പരിഗണനയിലുണ്ട്. വൃക്കരോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ജീവനം, കുരിയോട്ടുമലയിൽ തെരുവുനായകൾക്കായി തുടങ്ങുന്ന ഡോഗ് ഷെൽട്ടർ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിനൊപ്പം ഇതര തദ്ദേശസ്ഥാപനങ്ങളും ഫണ്ട് നൽകിയിട്ടുണ്ട്. ജില്ലാആസൂത്രണ സമിതി ചെയർമാൻ പി കെ ഗോപൻ, കലക്ടർ എൻ ദേവിദാസ്, ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന, സർക്കാർ നോമിനി എം വിശ്വനാഥൻ, തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments