ക്യാമ്പസ്‌ ഇൻഡസ്‌ട്രിയൽ 
പാർക്കുകൾ ജില്ലയിൽ

കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്
avatar
ജയൻ ഇടയ്‌ക്കാട്‌

Published on May 13, 2025, 01:21 AM | 2 min read

കൊല്ലം

സംസ്ഥാനസർക്കാർ കേരളത്തിൽ അനുവദിച്ച മൂന്ന്‌ ക്യാമ്പസ്‌ ഇൻഡസ്‌ട്രിയൽ പാർക്കുകളിൽ രണ്ടെണ്ണം ജില്ലയിൽ. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്, ശാസ്‌താംകോട്ട ബസേലിയേസ്‌ മാത്യൂസ്‌ II കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌ എന്നിവിടങ്ങളിലാണ്‌ പാർക്ക്‌ അനുവദിച്ചത്‌. ഇടുക്കി പെരുവന്താനം സെന്റ്‌ ആന്റണീസും പട്ടികയിലുണ്ട്‌. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ്‌ കഴിഞ്ഞ ദിവസമിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക, വിദ്യാർഥികൾക്ക് പഠനത്തിനോടൊപ്പം ജോലിയും വരുമാനവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ്‌ പാർക്ക്‌ തയ്യാറാകുക. ജില്ലാ വ്യവസായ ഓഫീസറുടെ കീഴിൽ ജില്ലാതല സമിതിയും വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതിയും ആദ്യഘട്ടം തിരഞ്ഞെടുത്ത 75 അപേക്ഷയിൽനിന്നാണ്‌ മൂന്നു കോളേജുകൾ തെരഞ്ഞെടുത്തത്‌. ഏക്കറിന് 20 ലക്ഷം രൂപവച്ച് 1.5 കോടി സഹായം പാർക്കുകൾക്ക്‌ ലഭിക്കും. ക്യാമ്പസ്‌ വ്യവസായ എസ്റ്റേറ്റ്‌ ഡെവലപ്പർ അനുമതിയുടെ ഭാഗമായി കേരള സിംഗിൾ വിൻഡോ ക്ലിയർസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്‌ ഏരിയ ഡെവലപ്മെന്റ് ആക്ട് 1999ന്റെ പരിധിയിൽ എല്ലാ ആനുകൂല്യങ്ങൾക്കും സ്ഥാപനങ്ങൾക്ക്‌ ഇനി മുതൽ അർഹതയുണ്ട്‌. ശ്രീനാരായണ പോളിടെക്നിക് കോളേജിലെ അഞ്ച്‌ ഏക്കർ സ്ഥലത്താണ് പാർക്കിന്‌ അനുമതി. കോളേജിലെ സ്റ്റാർട്ടപ്പ് മിഷന്റെ അധീനതയിലുള്ള ഇന്നോവഷൻ ആൻഡ്‌ എന്റർപ്രണർഷിപ്‌ ഡെവലപ്‌മെന്റിന്റെയും ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റിന്റെ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് ക്ലബ്ബിന്റെയും ഇൻഡസ്‌ട്രി ഓൺ ക്യാമ്പസിന്റെയും നേതൃത്വത്തിൽ നിരവധി പ്രോജക്ടുകൾ ഇതിനകം കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്‌ വികസിപ്പിച്ചിട്ടുണ്ട്‌. ത്രീഡി പ്രിന്റർ, അഗ്രികൾച്ചർ ഡ്രോൺ, എ ആർ ഫ്ലൈറ്റ് എന്നിവ പ്രധാനമാണ്‌. യൗങ് ഇന്നവേറ്റീവ് പ്രോഗ്രാം 7.0 സാങ്കേതിക വിദ്യാഭ്യാസ തലത്തിൽ കൂടുതൽ ആശയം നൽകിയതും കോളേജാണ്‌. ഡോ. സി ടി ഈപ്പൻ ട്രസ്‌റ്റിന്റെ കീഴിൽ 2002 ൽ ആരംഭിച്ചതാണ്‌ ബസേലിയേസ്‌ മാത്യൂസ്‌ II
 കോളേജ്‌ ഓഫ്‌ എൻജിനിയറിങ്‌. ബസേലിയോസ്‌ സെന്റർ ഫോർ മാനേജ്‌മെന്റ്‌ സ്‌റ്റഡീസും ഇവിടുണ്ട്‌. രണ്ടര ഏക്കർ സ്ഥലത്ത്‌ മൂന്നു നിലകളിലായി 23, 000 ചതുരശ്രയടിയിലാണ്‌ പാർക്ക്. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സഹായത്തിൽ ഡിഡിയുജികെവൈ പദ്ധതി പ്രകാരം 315 വിദ്യാർഥികൾ സ്‌കിൽ ട്രെയിനിങ്‌ പുർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌. സർക്കാരിന്റെ യുവകേരളം പദ്ധതിയിൽ 105 പേർ പഠനം പൂർത്തിയാക്കി. സ്‌റ്റാർട്ടപ്‌ മിഷന്റെ സഹായവും കോളേജിന്‌ ലഭിച്ചിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home