35 കണ്ടെയ്‌നറിൽ മിക്കതും കാലി

എം അനിൽ
Published on May 27, 2025, 12:25 AM | 2 min read
കൊല്ലം
കൊച്ചിയിൽപുറങ്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതോടെ കൊല്ലം ജില്ലയുടെ തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിൽ ഭൂരിഭാഗവും കാലിയെന്ന് നിഗമനം. തിങ്കൾ വൈകിട്ടുവരെ 35 എണ്ണമാണ് അടിഞ്ഞത്. ഇതിൽ ആറെണ്ണത്തിൽ തേയില, തുണിത്തരങ്ങൾ, മുറിവു കെട്ടാൻ ഉപയോഗിക്കുന്ന കോട്ടൻ തുടങ്ങിയവയാണ്. തിരുമുല്ലവാരം ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറു ഭാഗത്ത് പാരിൽ തട്ടി താഴ്ന്ന നിലയിൽ രണ്ട് കണ്ടെയ്‌നർ കണ്ടെത്തിയിട്ടുണ്ട്. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽനിന്ന് കേരള സർവകലാശാല സമുദ്ര പഠനവിഭാഗം ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ ഫലം രണ്ടു ദിവസത്തിനുള്ള ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പരവൂർ മുക്കം പൊഴിമുഖത്ത് വൈകിട്ട് ഒരെണ്ണം കൂടി കരയ്‌ക്കടിഞ്ഞു. തങ്കശ്ശേരി ഹാർബറിന് സമീപം കണ്ട ഒരെണ്ണം കരക്കെത്തിക്കാൻ കപ്പൽ കമ്പനിയുടെ ആളുകൾ രാത്രി വൈകിയും ശ്രമം തുടരുന്നു. തങ്കശ്ശേരിൽ കണ്ടെയ്‌നർ പൊട്ടി പുറത്തായ തടിക്കഷണങ്ങൾ കടലിൽ ഒഴുകിനടക്കുന്നു. ഇത് കരയ്‌ക്കെത്തിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രമിക്കുന്നു. കാക്കത്തോപ്പിൽ ചെറിയ പള്ളിക്കുസമീപം കണ്ടെയ്‌നർ തകർന്ന് പുറത്തായ തുണിത്തരങ്ങളും ബ്രീഫ്‌കെയ്‌സുകളും കരയ്‌ക്കടിഞ്ഞു. തീരത്തടിഞ്ഞവ നീക്കാൻ എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ ഏഴ് റസ്ക്യൂ ടീം ഉടനെത്തും. നാല് ടീം തിരുവനന്തപുരത്തുനിന്നും മൂന്ന് ടീം കൊച്ചിയിൽ നിന്നുമെത്തും. കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിച്ച് കസ്റ്റംസ് പരിശോധന നടത്തും. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ചെന്നൈ യൂണിറ്റും സ്ഥലത്തെത്തി. എൻഡിആർഎഫിന്റെ പരിശോധനാ വാഹനമായ ഹജ്മത്ത് വെഹിക്കിൾ എത്തിച്ചാണ് തുടർ പരിശോധനകൾ നടത്തുക. വീണ്ടെടുക്കാൻ കരാർ നൽകി മുങ്ങിയ കപ്പലിന്റെ കമ്പനി എംഎസ്‌സി വാട്ടർ ലൈനിനാണ് കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ കരാർ നൽകിയത്. കണ്ടെയ്‌നറുകൾ കടൽ മാർഗം ബാർജിൽ കെട്ടിവലിച്ച് കൊണ്ടുപോകാനാണ് ആദ്യ ശ്രമമെന്ന് വാട്ടർ ലൈൻ ഷിപ്പിങ് കമ്പനി അധികൃതർ പറഞ്ഞു. കടൽ പ്രക്ഷുബ്‌ധമായതിനാൽ ഇത് വെല്ലുവിളിയാണ്. എന്നാൽ നിലവിൽ കണ്ടെയ്‌നറുകൾ റോഡ് മാർഗം കൊല്ലം തുറമുഖത്ത് എത്തിക്കാനും ശ്രമമുണ്ട്. റസ്ക്യു ടീമിന് ജില്ലാ ദുരന്ത നിവാരണ വിഭാഗം സഹായം ഉറപ്പാക്കും. അടിഞ്ഞത് 13 ഇടങ്ങളിൽ ജില്ലയിൽ തീരപ്രദേശത്തായി 13 ഇടങ്ങളിലാണ് കണ്ടെയ്‌നറുകൾ കണ്ടെത്തിയത്. ചെറിയഴീക്കൽ സിഎഫ്‌എ ഗ്രൗണ്ടിനു സമീപം - രണ്ട്, ചവറ ഐആർഇ ഗസ്റ്റ് ഹൗസിനു പടിഞ്ഞാറ് രണ്ട്, പുത്തൻതുറ ബേക്കറി ജങ്‌ഷനു സമീപം ഒന്ന്, നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് പടിഞ്ഞാറ് രണ്ട്, പരിമണം ലക്ഷംവീട് കോളനിക്ക് സമീപം ഒന്ന്, ശിവ ഹോട്ടലിനു സമീപം -നാല്, നീണ്ടകര രോഹിണി ഗ്രാനൈറ്റിന് പടിഞ്ഞാറ് -ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര പുലിമുട്ടിന് തെക്കുമാറി മൂന്ന്, ശക്തികുളങ്ങര പള്ളിക്ക് പടിഞ്ഞാറ് 11, മരുത്തടി അമ്പലത്തിനു പടിഞ്ഞാറ് പണ്ടാരത്തോപ്പ് -ഒന്ന്, മത്സ്യഫെഡ് ഹാച്ചറിക്കു പടിഞ്ഞാറു തെക്കും വടക്കുമായി രണ്ട്, തിരുമുല്ലവാരം സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് പടിഞ്ഞാറ്- ഒന്ന്, കൊല്ലം ബീച്ചിനു തെക്ക് വെടിക്കുന്ന് ഭാഗത്ത് ഒന്ന്. ശക്തികുളങ്ങര പള്ളിക്കു പടിഞ്ഞാറ് കണ്ടെത്തിയവയിൽ മൂന്നെണ്ണം പൂർണമായും തകർന്ന നിലയിലാണ്.









0 comments