വിസ്‌മയിപ്പിച്ച 
കാമറക്കാഴ്‌ചകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Apr 29, 2025, 01:51 AM | 1 min read

കൊല്ലം

ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളുടെ നിറവറിഞ്ഞ ജനറൽ പിക്‌ചേഴ്‌സിന്റെ ആറു സിനിമകളുടെ കാമറക്കാഴ്‌ചകളിലാണ്‌ പ്രൊഡക്‌ഷൻ കൺട്രോളർ ജെ രാജശേഖരൻനായർ. കാഞ്ചനസീതയിൽ തുടങ്ങിയ ഷാജി എൻ കരുൺ –- ജനറൽ പിക്‌ചേഴ്‌സ്‌ ബന്ധം തുടർച്ചയായ ആറുവർഷങ്ങളിൽ തമ്പ്‌, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ, മഞ്ഞ്‌ എന്നിവയിലൂടെ മലയാള ചലചിത്രലോകത്തെ വിസ്‌മയിപ്പിച്ചു. ആറിൽ അഞ്ചിനും സംവിധായകനായത്‌ ജി അരവിന്ദൻ. ജനറൽ പിക്‌ചേഴ്‌സ്‌ ബാനറിൽ എം ടി വാസുദേവൻനായർ സംവിധാനം ചെയ്ത മഞ്ഞിനെ ദ്യശ്യവിരുന്നൊരുക്കിയതും ഷാജി എൻ കരുൺ. ജനറൽ പിക്‌ചേഴ്‌സ്‌ സിനിമകളുടെ നിർമാതാവ്‌ കെ രവീന്ദ്രനാഥൻനായരുമായുള്ള ആത്മബന്ധം മരണംവരെ തുടർന്നു. ഈസ്റ്റ്മെൻ കളറിൽ ചിത്രമിറങ്ങിയിരുന്ന കാലത്ത്‌ ഓർവോ കളർഫിലിം ആദ്യമായി ഉപയോഗിച്ചത്‌ കാഞ്ചനസീതയിൽ ഷാജി എൻ കരുണായിരുന്നെന്ന്‌ രാജശേഖരൻനായർ ഓർക്കുന്നു. ഫിലിം നിർമാണക്കമ്പനി ആദ്യമായി ഓർവോഫിലിം നൽകിയതും ജനറൽപിക്‌ചേഴ്‌സിനാണ്‌. കാഞ്ചനസീത ദേശീയ പുരസ്‌കാരത്തിനർഹമായി. മദ്രാസിലെ പ്രസാദ്‌ ലാബിലായിരുന്നു ഇതിന്റെ പ്രവൃത്തികൾ നടന്നത്‌. ഫിലിം കമ്പനിയുടെ പുരസ്‌കാരവും ഷാജിക്ക്‌ ലഭിച്ചു. 1978ൽ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിലിറങ്ങിയ തമ്പിലും ഓർവോ ഫിലിം ഉപയോഗിച്ചു. കാഞ്ചന സീതയുടെ ലൊക്കേഷൻ ആന്ധ്രയും തമ്പ്‌ തിരുനാവായിലുമായിരുന്നു. കുമ്മാട്ടി കണ്ണൂർ ചീമേനിയിലും മഞ്ഞ്‌ നൈനിറ്റാളിലും ഷൂട്ട്‌ ചെയ്‌തു. എസ്‌തപ്പാന്‌ നീണ്ടകര ലൊക്കേഷനാക്കിയതും പോക്കുവെയിലിന്‌ ശാസ്‌താംകോട്ട തെരഞ്ഞെടുത്തതും ഷാജിയായിരുന്നു. ലൊക്കേഷൻ ഒരുക്കുന്നതിൽ പ്രത്യേക വൈദ​ഗ്ധ്യമായിരുന്നു. കൊല്ലത്തിന്റെ ദ്യശ്യഭംഗി ഏങ്ങനെ കാമറയിലൂടെ മനം കവരുന്ന കാഴ്‌ചകളാക്കാമെന്ന്‌ കൊല്ലം കണ്ടച്ചിറയിൽ ജനിച്ച ഷാജി എൻ കരുൺ നന്നായി തിരിച്ചറിഞ്ഞു. ഛായാഗ്രാഹകന്റെ റോളിലായിരുന്നപ്പോൾപോലും ആദ്യന്തം സിനിമയുടെ സർവമേഖലകളിലും ഷാജിയുടെ കണ്ണ്‌ പതിഞ്ഞു. സെറ്റിൽ എല്ലാവരും തുല്യരാണെന്ന തരത്തിലായിരുന്നു ഇടപെടൽ. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ എന്ന അനുഭവം പകർന്ന്‌ നൽകാൻ തിരുനാവായിൽ 45ദിവസത്തെ ഷൂട്ടിങ്ങിനിടെ ഷാജിക്ക്‌ കഴിഞ്ഞു–- രാജശേഖരൻനായർ പറയുന്നു. എണ്‍പത് പിന്നിട്ട മുണ്ടയ്‌ക്കൽ ഗീതത്തിൽ ജെ രാജശേഖരൻനായർ കർമരംഗത്ത്‌ ഇപ്പോഴും സജീവം. കെ രവീന്ദ്രനാഥൻനായരുടെ വിയോഗത്തിനു ശേഷം മുണ്ടയ്‌ക്കലുള്ള ജനറൽ പിക്‌ചേഴ്‌സ്‌ ഓഫീസിൽ മുടങ്ങാതെ എത്താറുണ്ട്‌. ജനറൽ പിക്‌ചേഴ്‌സ്‌ നിർമിച്ച അടൂർ ഗോപാലകൃഷ്‌ണന്റെ അനന്തരവും എലിപ്പത്തായവും പുതിയ പ്രിന്റിലാക്കി അമേരിക്കയിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home