‘ഇനി അടുത്ത സമ്മേളനത്തിൽ ഞാനുണ്ടാവുമെന്ന് എന്താണ് ഉറപ്പ്’

എം അനിൽ
Published on Apr 29, 2025, 01:47 AM | 2 min read
കൊല്ലം
‘ അടുത്ത സമ്മേളനകാലത്ത് ഞാനുണ്ടാവുമെന്ന് എന്താണ് ഉറപ്പ്. നവഫാസിസ്‌റ്റ് കാലത്ത് അതിനെ ശക്തമായി എതിർക്കുന്ന പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ അതൊരു പോരായ്‌മയാണ്. കൊല്ലത്തുനടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക സബ് കമ്മിറ്റി രാമൻകുളങ്ങരയിൽ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തശേഷം ഷാജി എൻ കരുണിന്റെ വാക്കുകളായിരുന്നു ഇത്. ‘കൊല്ലം ദൃശ്യകലകളുടെ ഇല്ലം’ എന്ന വിഷയത്തിൽ നടന്ന സംവാദം ഉദ്‌ഘാടനംചെയ്‌ത് പതിവിൽനിന്ന് വ്യത്യസ്‌തമായി അദ്ദേഹം ദീർഘനേരം സംസാരിച്ചിരുന്നു. ക്ഷീണിതനായിട്ടും എന്തിന് ഇത്രനേരം സംസാരിച്ചതെന്നു ചോദിച്ചപ്പോഴാണ് അടുത്ത സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാകാൻ ഞാൻ ഉണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഷാജി എൻ കരുൺ സംവാദത്തിന്റെ മോഡറേറ്ററും പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ സി ഉണ്ണിക്കൃഷ്‌ണനോട് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു പരിപാടി. അടുത്തദിവസം വിളിച്ചിട്ട് കൊല്ലം ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ, മനസ്സിലുള്ള പുതിയ സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വീട്ടിൽ ചർച്ചയുള്ളതിനാൽ ഉദ്‌ഘാടന ദിവസം അദ്ദേഹത്തിന് കൊല്ലത്ത് എത്താൻ കഴിഞ്ഞില്ല. പിന്നീട് വിളിച്ചിട്ട് സമാപന ദിവസമായ മാർച്ച് ഒമ്പതിന് കൊല്ലത്ത് എത്തുമെന്നും അറിയിച്ചു. പ്രതിനിധി സമ്മേളന സ്ഥലത്തുപോയി നേതാക്കളെയും സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചശേഷം ചുവപ്പുസേന പരേഡും പ്രകടനവും പൊതുസമ്മേളനവും നടന്ന ആശ്രാമം മൈതാനത്തും എത്തിയ ശേഷമാണ് ഷാജി എൻ കരുൺ മടങ്ങിയതെന്നും ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളുമായി സൗഹൃദം പങ്കിടുകയുംചെയ്‌തു. തന്റെ ഉറച്ച രാഷ്‌ട്രീയബോധത്തെ ഒരിക്കലും മറച്ചുവയ്‌ക്കാതെ അത് കൂടുതൽ പ്രകടമാക്കിയിരുന്ന വിശ്വകലാകാരനായിരുന്നു ഷാജി എൻ കരുൺ. 2022ൽ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി കെ എസ് ഗായകസംഘം ഉദ്‌ഘാടനംചെയ്‌തതും അദ്ദേഹമായിരുന്നു. 2024 നവംബറിൽ കുണ്ടറയിൽ നടന്ന പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനും ഷാജി എൻ കരുൺ എത്തി. ഏറ്റവും ഒടുവിൽ ഫെബ്രുവരി മൂന്നാംവാരം കൊട്ടാരക്കരയിൽ തിയറ്റർ കോംപ്ലക്‌സ് നിർമിക്കാൻ ഉദ്ദേശിക്കുന്ന നെടുവത്തൂർ പഞ്ചായത്തിലെ റവന്യൂ സ്ഥലവും അദ്ദേഹം സന്ദർശിച്ചു. മന്ത്രി കെ എൻ ബാലഗോപാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു സന്ദർശനം.









0 comments