വിദ്യാഭ്യാസവും ജോലിയും നൽകിയ കരുതൽ

എം അനിൽ
Published on Jul 27, 2025, 01:20 AM | 1 min read
കൊല്ലം
‘പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിക്കാൻ ഇഷ്ടംപോലെ പദ്ധതികളുണ്ട്. അതിനെ പ്രയോജനപ്പെടുത്താൻ കഴിയുക എന്നതാണ് പ്രധാനം. പഴയകാലമല്ല ഇപ്പോൾ. പദ്ധതികളെ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. പദ്ധതികളുടെ പ്രയോജനം ആർക്കും കിട്ടാതിരിക്കില്ല’–-പ്ലസ്‌ടു വിദ്യാഭ്യാസം കഴിഞ്ഞ് പിഎസ്‌സി പരീക്ഷയെഴുതി 2025 ജനുവരിയിൽ സർക്കാർ ജോലിനേടിയ കൊല്ലം അമൃതകുളം ഹോസ്റ്റൽ ആയയായ ഐശ്വര്യയുടെ വാക്കുകളിൽ ആത്മവിശ്വാസം. പ്രൈമറിതലം മുതൽ ഉപരിപഠനം വരെ ഉറപ്പാക്കാൻ നിരവധി പദ്ധതികളും സഹായങ്ങളുമാണുള്ളത്. പ്ലസ്‌ടു മുതൽ പഠിക്കാൻ പ്രാരംഭ ധനസഹായവും സർക്കാർ നൽകിവരുന്നു–- മുൻ പ്രമോട്ടർ കൂടിയായ വില്ലുമല ഉന്നതിയിലെ ഐശ്വര്യ (30)ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു ഐശ്വര്യയുടെ കാര്യം മാത്രമല്ല. ഇന്ന് നമ്മുടെ ഉന്നതികളിലും നഗറുകളിലും പഠിച്ച് സർക്കാർ ജോലി തേടിയവരുടെ എണ്ണം കൂടിവരികയാണ്. ബിഎഡ് ബിരുദം നേടിയ സബിത, ലേപുമോൾ, ബിരുദാനന്തരബിരുദം നേടിയ നീതു, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന രചനാമോൾ, സൂര്യ, പിഎസ്‌സി നിയമനം ലഭിച്ച അജിൻ, ഗീതു തുടങ്ങിയവർ കുഴവിയോട്, കടമാൻകോട് ഉന്നതികളിലെ ഉപരിപഠനം നേടിയവരും നേടുന്നവരും ജോലി കിട്ടിയവരുമായ വിദ്യാർഥികളും യുവാക്കളുമാണ്. ഇത് ചില ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ ഓരോ ഉന്നതിയിലും ഉപരിപഠനം നേടുന്നവരുടെ എണ്ണം ഇപ്പോൾ ഏറുകയാണ്.
ഉറപ്പാക്കി തൊഴിൽനൈപുണ്യം
ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ (ഐഐഐസി)നിന്ന് തൊഴിൽനൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ ജില്ലയിലുള്ള പട്ടികവർഗ വിഭാഗത്തിലെ 20 വിദ്യാർഥികളും. കുളത്തൂപ്പുഴ, ചിതറ പഞ്ചായത്തുകളിലെ ഉന്നതികളിലും നഗറുകളിലും ഉള്ളവരാണ് ഏറെയും. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഐഐഐസിയുമായി സഹകരിച്ച് മൂന്നുമാസത്തെ തൊഴിൽനൈപുണ്യ പരിശീലനമാണ് നൽകിയത്. കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ, ഇലക്ട്രീഷ്യൻ, പ്ലമ്പിങ്, ജിഐഎസ്, മണ്ണുമാന്തി യന്ത്രം എന്നിവയിൽ ആയിരുന്നു പരിശീലനം. ഐഐഐസി ക്യാമ്പസിലെ ഹോസ്റ്റലിൽ ഇവർക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. ബിടെക് കഴിഞ്ഞവരും സയൻസ് ബിരുദധാരികളും ഡിപ്ലോമ സിവിൽ കഴിഞ്ഞവരും പത്താംക്ലാസ് വിജയിച്ചവരും ഉണ്ടായിരുന്നു.









0 comments