ഇത്‌ വൈറൽ പൊറോട്ടയും ബീഫും

ഉണ്ണിക്കുട്ടൻ ഭക്ഷണം തയ്യാറാക്കുന്നു
avatar
സനു കുമ്മിൾ

Published on Jul 13, 2025, 12:47 AM | 1 min read

കടയ്ക്കൽ

കടയുടമയുടെ പേരിലറിയപ്പെടുന്ന കട, ഓൺലൈനിലും ഓഫ് ലൈനിലും വൈറലായ കടയിലെ പൊറോട്ടയും ബീഫും ഒരിക്കലെങ്കിലും രുചിച്ച് നോക്കേണ്ട തനിനാടൻ വിഭവമാണ്. കഴിച്ചാൽ അഡിക്ടാകും എന്നതാണുറപ്പ്‌. കടയ്ക്കൽ - കിളിമാനൂർ റോഡിൽ ആനന്ദൻമുക്കെന്ന ഗ്രാമീണമായ ഇടത്താണ് ബീഫിന് പേരുകേട്ട ഉണ്ണിക്കുട്ടന്റെ തട്ടുകടയുള്ളത്. ഒറ്റ മുറിക്കുള്ളിലാണ് വയ്ക്കലും വിളമ്പലുമൊക്കെ. കടയുടമയുടെ ശരിക്കുള്ള പേര്‌ സി എസ് സുജിത്ത് എന്നാണെങ്കിലും ഉണ്ണിക്കുട്ടനെയാണ്‌ നാടിനാകെ പരിചയം. ബീഫ്, ചിക്കൻ, ലിവർ, പൊറോട്ട, ദോശ, ചപ്പാത്തി ഇത്രയുമാണ് വിഭവങ്ങൾ. പാചക സഹായത്തിന് അച്ഛൻ ചന്ദ്രബാബുവും ഒപ്പമുണ്ട് . മറ്റ് സഹായങ്ങൾക്കായി രണ്ട് യുവാക്കളും കൂടി കടയിലുണ്ട്. വൈകിട്ട് നാല് മുതൽ രാത്രി 11വരെ കട പ്രവർത്തിക്കുന്നു. പാചകത്തിനുള്ള മസാല പ്പൊടികളെല്ലാം വീട്ടിൽ തന്നെയാണ് തയ്യാറാക്കുന്നത്. ഒരിക്കൽ ഉപയോഗിക്കുന്ന എണ്ണ പിന്നീട് ഉപയോഗിക്കില്ല. ചുട്ടുപഴുത്തു പരന്നു കിടക്കുന്ന കല്ലിൽ പൊറോട്ടയും ദോശയും വേവുന്നതിനൊപ്പം അടുത്തുള്ള അടുപ്പിൽ സ്ലോ കുക്കിൽ ബീഫും ചുറ്റിലും മണം പരത്തി തയ്യാറാകുന്നത്‌ കാണാനും കഴിക്കാനും തിരക്ക്. ഇനി എത്ര ഫൈവ്സ്റ്റാര്‍ ഹോട്ടലിലും കിട്ടാത്ത രുചിയും അംബിയൻസുമാണ് ഇവിടെയെന്ന് നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഭക്ഷണം ആസ്വദിക്കുന്ന മുഖങ്ങൾ 
പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home