വരൂ, മരുതിമലയിലെ കാറ്റുകൊള്ളാം

മുട്ടറ മരുതിമല
avatar
എ അഭിലാഷ്‌

Published on Jul 15, 2025, 12:59 AM | 1 min read

എഴുകോൺ

ഇളംതെന്നല്‍ വീശിയടിക്കുന്ന മലമുകൾ... ആനച്ചന്തം കണക്കെ കരിമ്പാറക്കൂട്ടങ്ങൾ... മാനംതൊടും മരുതിമലയേറിയാൽ കാണുന്നത് മനംനിറയ്ക്കുന്ന കാഴ്ചകൾ. ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണമാകാൻ ഒരുങ്ങുകയാണ് മുട്ടറ മരുതിമല. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിൽ സാഹസിക ടൂറിസം പദ്ധതിയാണ് മരുതിമലയിൽ നടപ്പാക്കുന്നത്. സർക്കാരിന്റെ ബയോഡൈവേഴ്സിറ്റി ടൂറിസം പദ്ധതിയിൽപ്പെടുത്തി 2.65 കോടി രൂപയുടെ വികസനമാണ് ആദ്യഘട്ടത്തിൽ. റോക്ക് ക്ലൈമ്പിങ്, ടിക്കറ്റ് കൗണ്ടർ, ഫുഡ്‌ കിയോസ്‌ക്‌, വാഹന പാർക്കിങ്ങിനുള്ള സൗകര്യം, മലമുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രങ്ങൾ, വ്യൂവിങ്‌ ഡെക്ക്, ശുചിമുറി ബ്ലോക്ക്‌ എന്നിവ നിർമിക്കും. കസ്തൂരിപ്പാറ, ഭഗവാൻ പാറ, കാറ്റാടിപ്പാറ എന്നീ മൂന്നു വലിയ പാറകള്‍ ചേരുന്നതാണ് മരുതിമല. സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. അറപ്പത്തായം, വസൂരപ്പാറ, പുലിച്ചാണ്‍ എന്നും ഇവിടുത്തെ പാറകള്‍ക്ക് പേരുണ്ട്. മലമുകളിലെ ഒരിക്കലും വറ്റാത്ത കുളവും വാനരന്മാരും വശ്യമായ ഭൂപ്രകൃതിയും മരുതിമലയുടെ പ്രത്യേകതയാണ്. മുകളില്‍നിന്നുള്ള സൂര്യാസ്തമയ കാഴ്ചയും താഴേക്കു നോക്കുമ്പോഴുള്ള ഗ്രാമീണകാഴ്ചകളും നയനസുന്ദരമാണ്. ജില്ലയുടെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും മലയിൽനിന്നാൽ കാണാം. കേരളത്തിലെ ആദ്യ ഹരിതവനം പദ്ധതി നടപ്പാക്കിയ വനേതര പ്രദേശം കൂടിയാണിത്. 38 ഏക്കറിലാണ് മരുതിമല ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പി അയിഷാപോറ്റി എംഎൽഎ ആയിരിക്കെയാണ് ഇക്കോ ടൂറിസം പദ്ധതിക്കു തുടക്കമിട്ടത്. മന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിൽ തെന്മല, ജടായുപ്പാറ, മരുതിമല ടൂറിസം സർക്യൂട്ട് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. മരുതിമലയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിർത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍.



Tags
deshabhimani section

Related News

View More
0 comments
Sort by

Home