പുരസ്‌കാര പ്രഭയിൽ കെ ജി എസ്
ആഹ്ലാദത്തിൽ ജന്മനാടായ ഇടയ്‌ക്കാടും

എം അനിൽ
Published on Nov 02, 2025, 01:34 AM | 1 min read
കൊല്ലം
ആധുനിക മലയാള കവിതയുടെ മുഖമായ കെ ജി ശങ്കരപ്പിള്ളയെ (കെജിഎസ്) എഴുത്തച്ഛന്‍ പുരസ്‌കാരം തേടിയെത്തിയപ്പോൾ ജന്മദേശമായ പോരുവഴി ഇടയ്‌ക്കാട് ഗ്രാമവും ആഹ്ലാദത്തിൽ. ഇടയ്‌ക്കാട് തെക്ക് ബംഗ്ലാവിൽ ശാന്തവിലാസത്തിൽ എ എൻ ഗോപാലപിള്ളയുടെയും ജി ഭവാനിയമ്മയുടെയും മകനായി 1948ൽ ആയിരുന്നു ജനനം. നാലാം ക്ലാസ് വരെ ചവറ ശങ്കരമംഗലം ഗവ. എൽപി സ്‌കൂളിലും തുടർന്ന് കടന്പനാട് കെആർകെപിഎം ഹൈസ്‌കൂളിലും ആയിരുന്നു പഠനം. പ്രീ യൂണിവേഴ്‌സിറ്റി മുതൽ ബിരുദാനന്തര ബിരുദം വരെ കൊല്ലം എസ് എൻ കോളേജിലും. കോളേജ് പഠനകാലത്താണ് കവിതയോട് പ്രണയം തുടങ്ങിയത്. അന്നത്തെ രാഷ്ട്രീയ– സാമൂഹ്യ ചുറ്റുപാടുകൾ ക്ഷുഭിതയൗവനത്തെ അസ്വസ്ഥനാക്കി. കോളേജിനകത്തും പുറത്തും പ്രചരിച്ച പുരോഗമന ആശയങ്ങളും സ്വാധീനിച്ചു. 1970കളിൽ എഴുതിയ ‘ബംഗാൾ' എന്ന കവിതയിലൂടെയാണ് ശ്രദ്ധനേടിയത്. തൃശൂർ സ്വദേശി എ ലക്ഷ്‌മീദേവി ജീവിതപങ്കാളിയായതോടെ തട്ടകം അവിടേക്കുമാറ്റി. പട്ടാന്പി ഗവ. കോളേജിലാണ് ആദ്യം ജോലി ലഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായി -വിരമിച്ചു. കൊല്ലത്ത് ഇടയ്‌ക്കാട്ടും കടന്പനാട്ടുമുള്ള സൗഹൃദങ്ങൾ കെജിഎസ് ഇന്നും കാത്തുസൂക്ഷിക്കുന്നു. ‘സൈക്കിൾ ആശാൻ’ എന്ന് അറിയപ്പെടുന്ന കടന്പനാട്ടെ കുഞ്ഞുകുഞ്ഞിന്റെ നൂറാം ജന്മദിനാഘോഷത്തിനും എത്തിയിരുന്നു. നേരത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയപ്പോൾ കെജിഎസിന് കൈരളി ഗ്രന്ഥശാല നൽകിയ സ്വീകരണം സുകുമാർ അഴീക്കോടാണ് ഉദ്‌ഘാടനം ചെയ്‌തത്. അടുത്തകാലത്ത് മലനട മലക്കുട മഹോത്സവ സമ്മേളനത്തിലും പങ്കെടുത്തു. 1998ലും 2002ലും കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. കവിയായ മകൻ ആദിത്യൻ ശങ്കറിനൊപ്പം ബംഗളുരുവിൽ താമസിക്കുന്നു. അടുത്ത ആഴ്‌ച തൃശൂരിൽ എത്തും. തുടർന്ന് ജന്മനാട്ടിലും. ജി ബി ശാന്തകുമാരി, കെ ജി ഭാസ്‌കരപിള്ള, ബി സരസ്വതിയമ്മ, ബി ബിന്ദു എന്നിവരാണ് സഹോദരങ്ങൾ.









0 comments