അപൂർവ കടലട്ട കേരള തീരത്തും

കടൽ അട്ട
avatar
പി ആർ ദീപ്‌തി

Published on Nov 26, 2025, 02:01 AM | 1 min read

കൊല്ലം

യൂറോപ്യൻ, മെഡിറ്ററേനിയൻ സമുദ്രങ്ങളിൽ മാത്രമുള്ള അപൂർവ കടലട്ട കേരള തീരത്തും. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത അപൂർവ സമുദ്ര പരോപജീവിയായ പോണ്ടോഡെല്ലാ മുരിക്കേറ്റ ( Pontobdella muricata)എന്ന കടലട്ടയെയാണ്‌ കണ്ടെത്തിയത്‌. മേയ് 17ന് പുല്ലൻ ചെമ്മീൻ ശേഖരണത്തിലേർപ്പെട്ടിരുന്ന ബോട്ടിൽ മത്സ്യങ്ങളോടൊപ്പം ലഭിച്ച റിങ് സ്‌കാറ്റ്(Orbiraja powelli)എന്ന തിരണ്ടിയുടെ വയറിൽ ഒട്ടിപ്പിടിച്ചനിലയിലാണ് ഇതിനെ കണ്ടെത്തിയത്‌. ഇതുൾപ്പെടെ നാലെണ്ണം മറ്റ്‌ മത്സ്യങ്ങൾക്കൊപ്പം കണ്ടെത്തി. ശക്തികുളങ്ങര ഹാർബറിൽ എത്തിച്ച തിരണ്ടിയിൽ നിന്ന്‌ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പി ജെ സർലീനാണ്‌ അട്ടയെ കണ്ടെത്തിയത്. ഉത്തര അറ്റ്‌ലാന്റിക്, മെഡിറ്ററേനിയൻ തുടങ്ങിയ യൂറോപ്യൻ സമുദ്രങ്ങളിൽ മാത്രമാണ്‌ ഇ‍ൗ അട്ടകളെ കണ്ടെത്തിയിട്ടുള്ളത്‌. പഠന റിപ്പോർട്ട്‌ ‘ടെയ്‌ലർ ആൻഡ്‌ ഫ്രൻസിസ് ബയോ ഡിവേഴ്സിറ്റി’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. പ്രധാന ശാസ്ത്രീയ നേട്ടമായ ഗവേഷണത്തിന്‌ സൻസിയ മോറിസ്, സാൻഡി മോറിസ്, സാവിയോ മോറിസ് എന്നിവരും നേതൃത്വം നൽകി. പച്ചനിറമുള്ള ശരീരമാകെ ചെറുതായി പൊങ്ങിനിൽക്കുന്ന കുരുക്കുകളോടുകൂടിയ (മുരിക്കേറ്റ്)രൂപമുള്ള ഇവയ്‌ക്ക്‌, മറ്റു ജീവികളിൽ ഒട്ടിപ്പിടിക്കാനും രക്തം കുടിക്കാനും ഉതകുന്ന സക്കർ ശരീരത്തിന്റെ രണ്ടറ്റത്തുമുണ്ട്‌. രൂപശാസ്ത്രപരമായ പരിശോധന, ഡിഎൻഎ വിശകലനം എന്നിവ ഉൾപ്പെടുന്ന സമന്വിത ടാക്സോണമി ഉപയോഗിച്ചായിരുന്നു തിരിച്ചറിയൽ. മീനുകളില്‍ ത്വക്ക് മുറിവ്, രക്തനഷ്ടം, രണ്ടാംഘട്ട അണുബാധ, പ്രതിരോധപ്രവർത്തനങ്ങൾ താറുമാറാക്കൽ, രോഗങ്ങൾ പടരാൻ വഴിയൊരുക്കൽ എന്നിവ ഉണ്ടാക്കാൻ കഴിവുള്ള ഇവ വാണിജ്യ മത്സ്യവിഭാഗങ്ങളുടെ ആരോഗ്യത്തെയും വിപണിമൂല്യത്തെയും പ്രതികൂലമായി ബാധിക്കാം. ​ ഇതിനകം തന്നെ വംശനാശ ഭീഷണിയിലായിരിക്കുന്ന തിരണ്ടി പോലെയുള്ള മത്സ്യങ്ങൾക്കു ഇത്തരം ആതിഥേയ ജീവികൾ സമ്മർദം സൃഷ്ടിക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home