ഇത് പുതുചരിത്രം
ആഘോഷനിറവിൽ കൊല്ലം

ജയൻ ഇടയ്‌ക്കാട്
Published on Nov 02, 2025, 01:35 AM | 1 min read
കൊല്ലം
ചരിത്രഭൂമികയായ കൊല്ലം ഇന്നലെ കാലം കാത്തുവച്ച പുതുചരിത്രത്തിന്റെ ആനന്ദനിറവിലായിരുന്നു. അതിരുകളും വർഗ വർണവ്യത്യാസങ്ങളുമില്ലാതെ നാടാകെ ഉണർത്തി നാട്ടുകാരുടെ ആഘോഷം. ദേശവാസികൾ ഒന്നടങ്കം പലയിടങ്ങളിൽ ഒരുമനസ്സോടെ ഒത്തുചേർന്നു. മധുരവഴികളിൽ ലഡുവും മിഠായിയും മറ്റു പലഹാരങ്ങളും പായസവും നിറഞ്ഞു. ഒത്തുചേരൽ വേദിയിൽ നാടൻപാട്ടും നൃത്തച്ചുവടുകളും വിസ്‌മയം തീർത്തു. അഭിവാദ്യപ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളിലും ആശംസാപ്രതികരണങ്ങളിലും നാളെയുടെ മനസ്സറിഞ്ഞു. 70–ാം പിറന്നാൾ നിറവിൽ മറ്റൊരു നവകേരളപ്പിറവിയിലേക്ക് മുന്നേറുന്ന കേരളത്തിന് കൊല്ലം ജനത ഹൃദയാഭിവാദ്യമേകി. ഇത്രയധികം ആഹ്ലാദിച്ച കേരളപ്പിറവി ആഘോഷം മുന്പ് നാട് കണ്ടിട്ടില്ല. പിറന്നാളാഘോഷം മാത്രമല്ല, ഞങ്ങളെപ്പോലുള്ളവരുടെ സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിന്റെ ഹൃദയവികാരം കൂടിയാണ്– എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ സ്വന്തം വീട്ടിന്റെ മുറ്റത്ത് ആഘോഷത്തിൽ പങ്കെടുക്കവെ പനയം ചാത്തിനാംകുളം വിഷ്‌ണുഭവനിൽ മായ പറഞ്ഞു. പായസംപങ്കിട്ട് മറ്റുള്ളവരും മായക്കൊപ്പം ചേർന്നു. ആകെ ജനങ്ങളിൽ പകുതിയിലേറെപ്പേർക്കും നേരിട്ട് ഗുണം ലഭിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടുള്ള പ്രതികരണം വ്യത്യസ്‌ത മേഖലകളിൽനിന്ന് ഒത്തുകൂടിയവരുടെ വാക്കുകളിലും മുഖത്തും പ്രതിഫലിച്ചു. ജില്ലയിൽ എൽഡിഎഫ് നേതൃത്വത്തിൽ വാർഡ്‌തലത്തിൽ പ്രൗഢഗംഭീരമായ നവകേരളപ്പിറവി ആഘോഷങ്ങളാണ് നടന്നത്. ക്ഷേമപെൻഷൻകാർ, സ്‌ത്രീകൾ, യുവജനങ്ങൾ, ആശമാർ, അങ്കണവാടി ജീവനക്കാർ, സ്‌കൂൾ പാചകത്തൊഴിലാളികൾ, പ്രീ– പ്രൈമറി അധ്യാപകർ, ഗസ്റ്റ് ലക്‌ചറർമാർ, സംസ്ഥാന ജീവനക്കാരും പെൻഷൻകാരും തുടങ്ങി സമുഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആഘോഷങ്ങളുടെ മുൻനിരക്കാരായി. തീരദേശമായ ആലപ്പാടും മൺറോതുരുത്തും വനമേഖലയായ റോസ്‌മലയും എല്ലാവരെയും ചേർത്തുപിടിക്കുന്ന സർക്കാർ പ്രഖ്യാപനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിച്ചു. അതിദാരിദ്ര്യം അവസാനിപ്പിച്ച നാട്ടിൽ ജീവിക്കാൻ കഴിയുന്നതിന്റെ അഭിമാനം പരസ്‌പരം പങ്കിട്ടു.









0 comments