നിറ ചിരിയോടെ

ലൈഫ് പദ്ധതിയിൽ നിർമിച്ച വിജയപുരം ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ
കോട്ടയം ‘കണ്ണീരേ ഒള്ളായിരുന്നു. ഇന്ന് അതൊക്കെ മാറി ഒത്തിരി സന്തോഷത്തിലാണ് ഞങ്ങൾ. വീടില്ലാത്തവന്റെ വിഷമം അവർക്കെ അറിയു. വാടക കൊടുക്കാണ്ട് ഞങ്ങൾ ഇന്ന് ജീവിക്കുന്നില്ലേ.’ വിജയപുരത്തെ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ നീതുവിന്റെയും അനിമോൾ പൊന്നൂസിന്റെയും ഉഷയുടെയും വാക്കുകളിലുണ്ട് ഒരായുഷ്‌കാലം കണ്ട സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷം. അതിജീവനത്തിന്റെ ഭംഗിയാണ് ലൈഫ് പദ്ധതിയിൽ ഒരുക്കിയ വിജയപുരത്തെ ഫ്ളാറ്റ് സമുച്ചയത്തിന്. 40 കുടുംബങ്ങളാണിവിടെ. വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം 7.35 കോടിരൂപ ചെലവിലാണ് നിർമിച്ചത്. പഞ്ചായത്തിന്റെ 55.80 സെന്റ് ഭൂമിയിൽ 26328 ചതുരശ്രയടിയിലായിരുന്നു നിർമാണം. പ്രീഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ അടങ്ങുന്നു. ഇലക്ട്രിക്കൽ റൂം, മലിനീകരണ- ശുചീകരണപ്ലാന്റ്, സൗരോർജ സംവിധാനം, വാഹന പാർക്കിങ് സൗകര്യവുമുണ്ട്. സമുച്ചയത്തിൽ ഹെൽത്ത് സബ് സെന്ററും അങ്കണവാടിയും പ്രവർത്തിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാർ തുടരണമെന്ന് അവർ ഒരേ സ്വരത്തിൽ പറയുന്നു.











0 comments