Deshabhimani

വീണ്ടും വേതനമില്ല

വയറെരിഞ്ഞ്‌ സ്‌കൂൾ പാചകത്തൊഴിലാളികൾ

veendum vethanamilla
വെബ് ഡെസ്ക്

Published on Oct 30, 2026, 04:15 AM | 1 min read

കോട്ടയം ഉദ്യോഗസ്ഥക്ഷാമവും സാങ്കേതിക തടസങ്ങളും കാരണം സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതന വിതരണം വീണ്ടും മുടങ്ങി. ഒക്ടോബറിലെ കൂലി ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് ജില്ലയിലെ 1300 തൊഴിലാളികളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. അധ്യയനവർഷത്തിന്റെ തുടക്കത്തിൽ മാസങ്ങളോളം ശമ്പളം മുടങ്ങിയ ശേഷമാണ് ഒക്ടോബറിലെ വേതനവും വൈകുന്നത്. ദിവസവേതന അടിസ്ഥാനത്തിലാണ് ഇവർക്ക് കൂലി നിശ്ചയിച്ചിട്ടുള്ളത്. ബില്ലുകൾമാറാൻ ചുമതലയുള്ള സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തതും പകരം സാമ്പത്തിക ചുമതലകൾ ഏറ്റെടുക്കാൻ ജീവനക്കാർ തയ്യാറാകാത്തതുമാണ് നിലവിലെ പ്രധാന തടസം. ഇതിനുപുറമെ മുമ്പ് ബാങ്കുകൾവഴി നടന്നിരുന്ന ഫണ്ട് വിതരണം പുതിയ ട്രഷറി സംവിധാനത്തിലേക്ക് (ബിംസ്) മാറിയതിലെ സാങ്കേതിക കുരുക്കുകൾ കൂടിയായതോടെ കൂടുതൽ പ്രതിസന്ധിയായി. സ്‌കൂൾ കൂടുതലുള്ള ഉപജില്ലയിലാണ്‌ ഗുരുതര പ്രതിസന്ധി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏതെങ്കിലും കാരണത്താൽ ഫണ്ട് നൽകുന്നതിൽ തടസം നേരിട്ടാൽ സർക്കാർ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി വേതനം നൽകിയിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരം ഇടപെടലുകൾ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾക്ക്‌ അമിതമായ ജോലിഭാരമായതിനാൽ വിദ്യാർഥി–തൊഴിലാളി അനുപാതം പുനക്രമീകരിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ട്‌ നാളേറെയായി. അതിനും പരിഹാരമില്ല. ഇതു കൂടാതെ സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിഹിതവും കുടിശികയായി തുടരുകയാണ്‌. ആഗസ്‌ത്‌, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലെ പദ്ധതിവിഹിതമാണ്‌ ഇതുവരെ ലഭിക്കാത്തത്‌. സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് കുട്ടികൾക്കുള്ള ഭക്ഷണച്ചെലവ് കണ്ടെത്താനാകാതെ പ്രധാന അധ്യാപകരും പിടിഎയും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home