തിരിച്ചടിയായി ഇന്ധനവില
അവശ്യസാധനങ്ങൾക്ക് തീവില

കോട്ടയം ചന്തക്കവലയിലെ മാർക്കറ്റിൽനിന്ന് പച്ചക്കറി വാങ്ങുന്നവർ
കോട്ടയം ഇന്ധനവില വർധനയ്‌ക്ക് പിന്നാലെ വിപണിയിൽ അവശ്യസാധനങ്ങളുടെ വിലയും വർധിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ വർധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയർത്തുന്നു. പച്ചക്കറി, മീൻ, മാംസം, പലവ്യഞ്ജനങ്ങൾ എന്നിവയ്‌ക്കെല്ലാം പൊള്ളുന്ന വിലയാണ് വിപണിയിൽ. താളംതെറ്റി അടുക്കള ബജറ്റ് അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറിക്ക് കുത്തനെ വില വർധിച്ചു. വെള്ളുത്തുള്ളി, ഇഞ്ചി, കാരറ്റ്, ബീൻസ് തുടങ്ങിയവയ്‌ക്കെല്ലാം വില കൂടി. വെളുത്തുള്ളിയ്‌ക്കും ഇഞ്ചിയ്‌ക്കും 250–260 ആണ് വില. ക്യാരറ്റിനും ബീൻസിനും വില 80 ആയി. കോവയ്ക്ക, കാബേജ്, പീച്ചിങ്ങ, ഉള്ളി, തക്കാളി എന്നിവയുടെ വിലയിലും വർധനവുണ്ട്. ദിനംപ്രതിയുള്ള ഇന്ധനവില വർധനവും പച്ചക്കറി ഉൽപാദനം കുറഞ്ഞതും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമെല്ലാം വില കൂടാൻ കാരണമായെന്ന് കോട്ടയം ചന്തക്കവലയിലെ പച്ചക്കറി വ്യാപാരികളായ അജിയും പ്രിൻസും പറഞ്ഞു. പലവ്യഞ്ജനങ്ങളും ‘പൊള്ളും’ പലവ്യഞ്ജനങ്ങളുടെ വിലയിലും സ്ഥിതി സമാനമാണ്. അരി, പഞ്ചസാര എന്നിവയുടെയും വില കൂടിയിട്ടുണ്ട്. അരി കിലോയ്‌ക്ക് രണ്ടുമുതൽ മൂന്നുരൂപവരെയാണ് കൂടിയത്. ജയ, സുലേഖ അരിക്കാണ് ആവശ്യക്കാർ ഏറെ. ഇവയ്‌ക്കും വില വർധിച്ചു. കയറ്റുമതി കൂടിയപ്പോൾ തേങ്ങയ്‌ക്ക് വില കൂടിയതായും വ്യാപാരികൾ പറയുന്നു. നിലവിൽ 47–48വരെയാണ് മൊത്തവില. മത്സ്യ–മാംസ വിപണിയിലും ‘തീ’ കടൽ മീനുകളുടെ വരവ് കുറഞ്ഞതോടെ മീനിന്റെ വിലയും വർധിച്ചു. അയലയ്‌ക്കും മത്തിക്കും കഴിഞ്ഞ ദിവസങ്ങളിൽ വില 400ന് മുകളിൽ പോയെങ്കിലും വ്യാഴാഴ്ച വില കുറഞ്ഞു. മത്തിക്ക് 200നും 260നും ഇടയിലാണ്. അയലയ്‌ക്ക് 260രൂപയാണ്. വറ്റയ്‌ക്ക് 480ന് മുകളിലാണ്. അയക്കൂറ, ആവോലി എന്നിവയുടെ വില 800നും 1000ത്തിനും ഇടയിലെത്തി. മാംസ വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. പോത്തിറച്ചിക്ക് 480 രൂപയാണ്. ആട്ടിറച്ചിയുടെ വില 1,000 രൂപയിലുമെത്തി. അതേസമയം ചിക്കൻ വിലയിൽ നേരിയ കുറവുണ്ട്. 167 രൂപയാണ് നിലവിലെ വില.











0 comments