സർക്കാർ അറിയണം ഇരുട്ടിലാണ് ജനങ്ങൾ

മണിക്കൂറുകൾ നീളുന്ന അപ്രഖ്യാപിത വൈദ്യുതി തടസ്സം ജനജീവിതം ദുസ്സഹമാക്കുന്നു, കോട്ടയം ചുങ്കത്തെ ബേക്കറിയിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ ചായ തയ്യാറാക്കുന്ന ജീവനക്കാരൻ. ഫോട്ടോ: കെ എസ് ആനന്ദ്
കോട്ടയം കനത്ത ചൂടിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി നിയന്ത്രണവും. ചൂട് കൂടുമെന്ന് നേരത്തെ അറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാത്തതാണ് തിരിച്ചടിയായത്. വൈകിട്ട് ആറിനും 12നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് മാത്രമാണ് അറിയിപ്പ്. എപ്പോൾ എത്രസമയം വൈദ്യുതി മുടങ്ങുമെന്ന് ജനങ്ങളെ കൃത്യമായി അറിയിക്കുന്നില്ല. രാവിലെ മുതൽ രാത്രിവരെ തോന്നും പോലെയാണ് നിലവിലെ വൈദ്യുതി നിയന്ത്രണം. വൈദ്യുതി നിയന്ത്രണം തുടര്‍ക്കഥയായതോടെ ആശുപത്രികൾ, ഹോട്ടലുകൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം താളംതെറ്റി. അടിക്കടി വൈദ്യുതി നിലയ്‌ക്കുന്നത് പ്രായമായവർ, രോഗികൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവരെ കാര്യമായി ബാധിക്കുന്നു. വീടുകളിൽ രാത്രികാലങ്ങളിൽ മെഴുക് തിരികൾ, എമർജൻസി ലാന്പ് എന്നിവയുടെ ഉപയോഗവും വർധിച്ചു. എൽനിനോ പ്രതിഭാസത്താൽ ചൂട് വർധിച്ചതും മഴയില്ലാത്തതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ വിശദീകരണം. കഴിഞ്ഞ 10 വർഷം എൽഡിഎഫ് ഭരണത്തിൽ അതിരൂക്ഷമായ പ്രതിസന്ധികൾ ഉണ്ടായിട്ടും ഇച്ഛാശക്തികൊണ്ടും ആസൂത്രണ മികവുകൊണ്ടും മറികടന്നിരുന്നു. പത്ത് വർഷവും നാട് ഇരുട്ടിലായില്ല. മെയ് മാസത്തിൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ ഭരണം ഒരുമാസം പിന്നിട്ടപ്പോഴേക്കും ലോഡ്ഷെഡിങ് നിലവിൽ വന്നു. ജൂൺ 17ന് തുടങ്ങിയ നിയന്ത്രണം കൂടുതൽ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. മൂന്നുമാസം പിന്നിട്ടിട്ടും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനായില്ല.










0 comments