Deshabhimani

ഉരുളെടുത്ത ഉണങ്ങാത്ത മുറിവ്‌

unangaatha murivu

തിരുവനന്തപുരം അമ്പൂരി ദുരന്തത്തിൻ മരിച്ച കാഞ്ഞിരപ്പള്ളി ചൂഴിക്കുന്നേൽ കുടുംബാംഗങ്ങൾ

വെബ് ഡെസ്ക്

Published on Nov 11, 2026, 02:24 AM | 1 min read

കാഞ്ഞിരപ്പള്ളി കേരളം നടുങ്ങിയ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട്. കാഞ്ഞിരപ്പള്ളി ചൂഴിക്കുന്നേൽ കുടുംബത്തിന് ഉണങ്ങാത്ത മുറിവ്‌. 2001 നവംബർ ഒന്പത് വെള്ളിയാഴ്‌ചയാണ്‌ അന്പൂരിയിൽ ഉരുൾപ്പൊട്ടിയത്‌. ദുരന്തത്തിൽ നഷ്ടമായ 39 ജീവനുകളിൽ പത്തുപേരും ചൂഴിക്കുന്നേൽ കുടുംബാംഗങ്ങളായിരുന്നു. കുടുംബത്തിൽ ഒരാൾ മാത്രമാണ്‌ അവശേഷിച്ചത്‌. തിരുവനന്തപുരം നെയ്യാർഡാമിനും അമ്പൂരിക്കും മധ്യേ കുരിശുമല അടിവാരത്ത്‌ പൂച്ചമുക്കിലുണ്ടായ ദുരന്തത്തിൽ ഒരു കുടുബത്തിലെ 25 പേരുൾപ്പെടെ 39 പേരാണ്‌ മരിച്ചത്‌. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിലെ രണ്ട് കുടുംബ കല്ലറകളിലായി ചൂഴിക്കുന്നേൽ കുടുംബത്തിലെ ആറുപേരെ സംസ്‌കരിച്ചതിന്റെ ഓർമയ്‌ക്കായി ചൊവ്വ രാവിലെ കുർബാനയും കല്ലറയിൽ ഒപ്പീസും നടത്തി. രണ്ടുപേരെ എരുമേലി പഴയ കൊരട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലും രണ്ടുപേരെ പാലായിലെ പള്ളി സെമിത്തേരിയിലുമാണ് സംസ്‌കരിച്ചത്‌. കാഞ്ഞിരപ്പള്ളി ചൂഴിക്കുന്നേൽ ജോഷി, സഹോദരൻ ജോർജുകുട്ടി, ഭാര്യ ബെറ്റി, മക്കളായ തൊമ്മച്ചൻ, വർക്കിച്ചൻ, ഔസേപ്പച്ചൻ, ജോഷിയുടെ സഹോദരി എരുമേലി പഴയ കൊരട്ടി ഉറുമ്പിൽ ജാൻസി, മകൻ ജിത്തുക്കുട്ടൻ, പാലാ കൊടുപ്പുന്ന പോളയ്ക്കൽ ജോയമ്മ, മകൾ ചിന്നുക്കുട്ടി എന്നിവരുടെ ജീവനാണ്‌ ഉരുളെടുത്തത്‌. പിതൃസഹോദരിപുത്രന്റെ വിവാഹ നിശ്ചയത്തിന്‌ എത്തിയവരാണ്‌ ദുരന്തത്തിൽപ്പെട്ടത്‌. ഇവർ താമസിച്ച വീട്ടിലെ 25 പേരും മരിച്ചു. കുടുബനാഥൻ സി ഡി തോമസ് മാത്രം ശേഷിച്ചു. ഭാര്യ, മകൻ, മകൾ, മരുമകൻ, രണ്ടുപേരക്കുട്ടികൾ, മകന്റെ വിവാഹനിശ്ചയത്തിനെത്തിയ അടുത്ത ബന്ധുക്കളെയുമാണ്‌ സി ഡി തോമസിന്‌ നഷ്ടമായത്‌. കാഞ്ഞിരപ്പള്ളി, എടത്വ, എരുമേലി, പാലാ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ബന്ധുക്കൾ ഉണ്ടായിരുന്നു. സമീപത്തെ അശോകൻ, ടൈറ്റസ്, ത്രസീന എന്നിവരുടെ വീടുകളിൽ ഉണ്ടായിരുന്നവരും മരിച്ചു. കുടിയേറ്റ ഗ്രാമമാണ് അമ്പൂരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home