ad
Deshabhimani

നുണകൾ യുഡിഎഫ്‌ സർക്കാരിന്റെ മുഖമുദ്ര: 
കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ

യുഡിഎഫ് വികസന വിരുദ്ധതയ്ക്ക് എതിരെ ടി കെ സ്മാരക പഠനകേന്ദ്രം സംഘടിപ്പിച്ച പ്രതിരോധ പാഠശാല സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:46 AM | 2 min read

കോട്ടയം

വാഗ്‌ദാനലംഘനങ്ങളും നുണകളുമാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ മുഖമുദ്രയെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചും പിഎം ശ്രി വിഷയത്തിലും കള്ളമാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്‌. മുഖ്യമന്ത്രി രേഖകളുടെ സഹായത്തോടെ ആധികാരികമായി വേണം സംസാരിക്കാൻ. എന്നാൽ അതിൽപോലും സതീശൻ രാഷ്ട്രീയം ചേർക്കുന്നു. മറ്റ്‌ മന്ത്രിമാരെയും നുണപറയാൻ അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുന്ന യുഡിഎഫ്‌ സർക്കാർ നയങ്ങൾക്കെതിരെ കോട്ടയം ടി കെ സ്‌മാരക പഠനകേന്ദ്രം സംഘടിപ്പിച്ച "പ്രതിരോധ പാഠശാല' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ഖജനാവിൽ പണം നിറയ്‌ക്കും എന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. വീട്‌ മൊത്തത്തിൽ വിറ്റിട്ട്‌ പണമുണ്ടാക്കിയിട്ട്‌ എന്ത്‌ കാര്യം? എല്ലാ കെഎസ്‌ആർടിസി ബസിലും സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര നൽകുമെന്നായിരുന്നു വാഗ്‌ദാനം. അത്‌ പാലിച്ചില്ല. കേരളം കടക്കെണിയിലാണെന്ന്‌ കള്ളപ്രചാരണം നടത്തി. കണക്കുകൾ പലതവണ മാറ്റിപ്പറഞ്ഞപ്പോൾ അവരുടെ കള്ളി വെളിച്ചത്തായി. കടൽ, വൈദ്യുതി, വ്യോമയാനം, കരിമണൽ എന്നീ മേഖലകളെല്ലാം സ്വകാര്യ കുത്തകകൾക്ക്‌ മുഖ്യമന്ത്രി തീറെഴുതുകയാണ്‌. കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്ന്‌ കെ സി വേണുഗോപാൽ ചോദിച്ചെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടതില്ലല്ലോ. നുണകളുടെ പ്രവാഹം തന്നെയാണ്‌ മുഖ്യമന്ത്രിയിൽനിന്ന്‌ ഉണ്ടാകുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക്‌ കൈമാറാൻ അദാനി ഉടമ്പടി വെച്ചത്‌ മുഖ്യമന്ത്രി അറിയാതെയല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പറഞ്ഞു. വി ഡി സതീശൻ ബിജെപിക്കൊപ്പം ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. മുമ്പ്‌ ഒരു മുഖ്യമന്ത്രിയും കൈകാര്യം ചെയ്‌തിട്ടില്ലാത്ത തുറമുഖവകുപ്പ്‌ സ്വന്തമാക്കാൻ വി ഡി സതീശൻ വ്യഗ്രത കാണിച്ചത്‌ എന്തിനായിരുന്നു? മംഗലാപുരം യാത്രയിൽ അദാനിയുടെ പ്രതിനിധികളെ കണ്ടത്‌ എന്തിനെന്ന്‌ ഇനിയും വി ഡി സതീശൻ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി. മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ പങ്കെടുത്തു. ടി കെ സ്‌മാരക പഠനകേന്ദ്രം ഡയറക്ടർ കെ അനിൽകുമാർ സ്വാഗതവും സെക്രട്ടറി എം വി കോര നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home