ad
Deshabhimani

മൺസൂൺ യാത്രയിൽ നനയാം 

ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല്

avatar
സ്വന്തം ലേഖകൻ

Published on Jun 18, 2026, 12:34 AM | 1 min read

കോട്ടയം

മഴക്കാലം പൊതുവേ യാത്രകളുടെ കാലമല്ലെങ്കിലും, ഇ‍ൗ കാലാവസ്ഥയിൽ മനോഹരമായ അന്തരീക്ഷമൊരുക്കി കാത്തിരിക്കുന്ന ടൂറിസ്‌റ്റ്‌ സ്‌പോട്ടുകളുണ്ട്‌. മഴക്കാല ടൂറിസത്തിന്റെ ഭാഗമായി ഇവിടെയെല്ലാം തിരക്കേറിവരുന്നു. ഇല്ലിക്കൽകല്ല്‌ മനോഹരമായ പ്രകൃതിയാണ്‌ ഒരുക്കിവച്ചിരിക്കുന്നത്‌. അരുവിക്കുഴി വെള്ളച്ചാട്ടത്തിലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്‌. മാർമല അരുവി, കട്ടിക്കയം വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ എന്നിവയെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇല്ലിക്കൽകല്ലിൽ സുഖപ്രദമായ കാലാവസ്ഥയാണിപ്പോൾ. തീക്കോയിയിൽ നിന്ന്‌ ഏഴ്‌ കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന ഇല്ലിക്കൽകല്ലിനെ മഴക്കാലത്ത്‌ കോടമഞ്ഞ്‌ തലോടും. കാഴ്‌ചക്കപ്പുറം, ത്രസിപ്പിക്കുന്ന സഞ്ചാരാനുഭവങ്ങളും ഇവിടം പ്രദാനം ചെയ്യും. പക്ഷേ ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സമുദ്രനിരപ്പിൽനിന്ന്‌ 4,000 അടി ഉയരത്തിലാണ്‌ പ്രകൃതി ഇ‍ൗ വശ്യമായ ഭൂപ്രദേശം ഒരുക്കിയിരിക്കുന്നത്‌. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളതാണ്‌ ഇല്ലിക്കൽകല്ലും അരുവിക്കുഴി വെള്ളച്ചാട്ടവും.



സുന്ദരം അരുവിക്കുഴി


 ​പല തട്ടുകളായി ഒഴുകുന്ന സുന്ദരമായ വെള്ളച്ചാട്ടമാണ്‌ പള്ളിക്കത്തോട്ടിലെ അരുവിക്കുഴി. വെള്ളച്ചാട്ടം അതിന്റെ പൂർണസൗന്ദര്യത്തിലെത്തുന്നത്‌ മഴക്കാലത്താണ്‌. അപകടസാധ്യത ഏറ്റവും കുറഞ്ഞ വെള്ളച്ചാട്ടമായതിനാലാണ്‌ അരുവിക്കുഴി മൺസൂൺ യാത്രികർക്ക്‌ പ്രിയപ്പെട്ടതാകുന്നത്‌. പടിക്കെട്ടുകൾ, കസേരകൾ, ചെറുപാലം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അവധിദിവസങ്ങളിൽ നിരവധി ആളുകളെത്തുന്നു. പള്ളിക്കത്തോട് പഞ്ചായത്തിൽ കൂരോപ്പട–പള്ളിക്കത്തോട് റോഡിനു സമീപത്താണ് അരുവിക്കുഴി വെള്ളച്ചാട്ടം. മഴയിൽ പ്രത്യേക ദൃശ്യഭംഗിയൊരുക്കുന്ന ഇവിടെ വെറുതെ വിശ്രമിക്കാൻ പോലും ആളുകളെത്തുന്നു.


ഹൈക്കിങ്ങിന്‌ കട്ടിക്കയം 


അൽപ്പം ഹൈക്കിങ്ങും നീന്തലും ഇഷ്ടപ്പെടുന്നവർക്ക്‌ മേലുകാവിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്ക്‌ ചെല്ലാം. ഇല്ലിക്കൽകല്ലിൽനിന്ന് ഏകദേശം മൂന്ന്‌ കിലോമീറ്റർ മാത്രം അകലെയാണിത്‌. അന്പതടി ഉയരത്തിൽനിന്ന്‌ പാറകളിലേക്കാണ്‌ വെള്ളം വീഴുന്നത്‌. ശാന്തമായ അരുവി ശക്തമായ വെള്ളച്ചാട്ടമായി മാറുന്നത്‌ ഇവിടെ കാണാം. കിഴക്കൻ പ്രദേശം ഇത്തരത്തിൽ ഒരുക്കുന്ന ടൂറിസ്‌റ്റ്‌ സ്‌പോട്ടുകൾ നിരവധിയുണ്ട്‌. മാർമല വെള്ളച്ചാട്ടം, വാഗമൺ, തങ്ങൾപാറ എന്നിവയെല്ലാം ഒറ്റ യാത്രയിൽ കണ്ടാസ്വദിച്ച്‌ മടങ്ങാം. എന്നാൽ കുമരകത്ത്‌ ഇപ്പോൾ സഞ്ചാരികൾ നന്നേ കുറവാണ്‌. നന്നായി പ്രചാരണം നടത്താത്തതാണ്‌ കാരണമെന്ന്‌ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഹ‍ൗസ്‌ ബോട്ടുകൾക്ക്‌ കാര്യമായ ബുക്കിങ്ങില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home