കൃഷിയിടത്തിലെ സ്‌പന്ദനം കണക്കിലാണ്...

കുരുമുളക് തോട്ടത്തിൽ സി തോമസ്
മണർകാട് കണക്ക് പുസ്‌തകങ്ങളിലെ വരവ് ചെലവ് കണക്കുകൾ കുറിച്ച താളുകൾ മടക്കി മണ്ണിലിറങ്ങി. കണക്കുകൾ മാത്രം കുറിച്ച കൈകൾ വിത്തും വളവും തൈകളും എത്തിയപ്പോൾ പിറന്നത് കാർഷിക വിജയഗാഥ. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ട്സ് മാനേജർ കസേരയിൽനിന്ന് മണ്ണിലേക്കിറങ്ങിയ സി തോമസ് ചെരുവിൽപറമ്പിൽ(69) കൃഷിയിടത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ്. തോമസിന്റെ 50 സെന്റിലെ കുരുമുളക് തോട്ടം പാരമ്പര്യവഴികളെ തിരുത്തിയെഴുതിയ പരീക്ഷണം കാണാം. കുരുമുളക് പടർത്താൻ ഉപയോഗിച്ച കിളിഞ്ഞിൽ മരങ്ങൾ വളർത്താനും പരിപാലിക്കാനും ചെലവേറിയതോടെയാണ് തോമസ് ബദൽ മാർഗം തേടിയത്. അതിവേഗം വളരുന്നതും ചെലവുകുറഞ്ഞതുമായ പയ്യാനി മരങ്ങളെ കുരുമുളക് വള്ളിക്ക് താങ്ങാക്കി മാറ്റി. പയ്യാനി തൈകൾ വാങ്ങി കുഴിയെടുത്ത് കരിയില, കോഴിവളം, മണ്ണ്, പച്ചക്കക്കപ്പൊടി എന്നിവ ചേർത്താണ് ആദ്യം പരിപാലനം. പിന്നീട് ചാണകവും വേപ്പിൻപിണ്ണാക്കും വളമാക്കി. കൃത്യമായ ജൈവക്കൂട്ടുകൾ ലഭിച്ചതോടെ ഒരു വർഷം കൊണ്ട് പയ്യാനി വളർന്നു. നിലവിൽ രണ്ടാൾപ്പൊക്കമുള്ള പയ്യാനിയിൽ തഴച്ചുവളർന്ന് പടർന്നുനിൽക്കുകയാണ് കുരുമുളകുവള്ളികൾ. കുരുമുളകിന് പുറമെ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, അവക്കാഡോ തുടങ്ങിയ 25ലേറെ ഫലവൃക്ഷങ്ങളും കൃഷിയിടത്തിലുണ്ട്. 12 തൊട്ടികളിലായും വിവിധ വിളകളുമുണ്ട്. ഭാര്യ മറിയക്കുട്ടിയും സഹായി ജോസും കൃഷിക്ക് കൂട്ടായുണ്ട്. കാർഷിക രംഗത്തെ കഠിനാധ്വാനത്തിനും പരീക്ഷണങ്ങൾക്കും പാമ്പാടി പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറം മികച്ച കർഷകനായി തോമസിനെ തെരഞ്ഞെടുത്തു. കൃഷിയിടത്തിലെ ഓരോ വിളയിലും കണക്കൂകൂട്ടി പുതുപാഠങ്ങൾ തിരയുകയാണ് തോമസ്.










0 comments