ad
Deshabhimani

വൈക്കത്തെ സ്ഥാനാർഥി 
മാറിയതറിയാതെ ഗ‍ൗരിയമ്മ

theranjeduppu kanvention

വെെക്കം വിശ്വൻ

വെബ് ഡെസ്ക്

Published on Mar 26, 2026, 12:25 AM | 1 min read

കോട്ടയം 1970ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലം. വൈക്കം മണ്ഡലത്തിൽ സ്ഥാനാർഥിയായി എന്നെ നിശ്ചയിച്ചെങ്കിലും, സ്ഥാനാർഥിയാകാൻ ഏറ്റവും മികച്ചയാൾ കെ വിശ്വനാഥനാണെന്ന്‌ ഞാൻ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും പിന്നീട്‌ അദ്ദേഹത്തെ സ്ഥാനാർഥിയാക്കി നിശ്ചയിക്കുകയും ചെയ്‌തു. വൈക്കത്ത്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനംചെയ്യാൻ കെ ആർ ഗ‍ൗരിയമ്മ എത്തി. പെട്ടെന്നുണ്ടായ ഇ‍ൗ സ്ഥാനാർഥിമാറ്റം ഗ‍ൗരിയമ്മ അറിഞ്ഞിരുന്നില്ല. കാറിൽ ഗ‍ൗരിയമ്മയ്‌ക്കൊപ്പം ഞാനും സ്ഥാനാർഥി കെ വിശ്വനാഥനും പാർടി പ്രവർത്തകൻ ഗോപിനാഥനും കൺവൻഷൻ നടക്കുന്നിടത്തേക്ക്‌ പോകുകയാണ്‌. അപ്പോൾ എന്നോട്‌ ഗ‍ൗരിയമ്മ പറഞ്ഞു ""വിശ്വാ, കാറിൽ കയറി നടന്നാൽ പോരാ. ആളുകൾക്കിടയിലേക്ക്‌ ഇറങ്ങണം''. ഞാനാണ്‌ സ്ഥാനാർഥിയെന്ന ധാരണയിലാണ്‌ ഗ‍ൗരിയമ്മ അത്‌ പറഞ്ഞതെന്ന്‌ എനിക്ക്‌ മനസിലായി. കാറിന്റെ മുന്നിലിരുന്ന കെ വിശ്വനാഥൻ അത്‌ കേട്ടില്ല. കേട്ടാൽ ചിലപ്പോൾ തെറ്റിധാരണകൾ ഉണ്ടായേക്കാം. അതുകൊണ്ട്‌ ഗ‍ൗരിയമ്മയുടെ ശ്രദ്ധ മാറ്റാൻ ഒരു അടവ്‌ പ്രയോഗിച്ചു. ഞാനും ഗോപിനാഥനും എന്തോ പറഞ്ഞ്‌ മനപൂർവം വാക്കുതർക്കമുണ്ടാക്കി. ഇതോടെ സംസാരവിഷയം മാറി. കൺവൻഷനിൽ കയറി ഗ‍ൗരിയമ്മ എന്നെക്കുറിച്ച്‌ സംസാരിച്ചാൽ പ്രശ്‌നമാണ്‌. ഒടുക്കം കെ വിശ്വനാഥനാണ്‌ സ്ഥാനാർഥിയെന്ന്‌ ഗ‍ൗരിയമ്മയെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ കേവലം 426 വോട്ടിനാണ്‌ കെ വിശ്വനാഥൻ തോറ്റത്‌. 1965ൽ തിരുവാർപ്പിൽ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ കീറിയ ഷർട്ടുമിട്ടാണ്‌ ഞാൻ പ്രസംഗിച്ചത്‌. അന്ന്‌ യോഗത്തിനെത്തിയവർ 48.50 രൂപ പിരിച്ചുതന്നു. അത്‌ ഞാൻ പാർടിക്ക്‌ കൊടുത്തു. ഇനി ഞാൻ നല്ല ഷർട്ട്‌ ഇട്ടോളാമെന്ന്‌ പ്രവർത്തകരോട്‌ പറഞ്ഞു. 1980ൽ ഏറ്റുമാനൂരിൽ മത്സരിച്ചപ്പോൾ കരീമഠം ബൂത്തിലെ അഞ്ചോ ആറോ വോട്ടൊഴിച്ച്‌ എല്ലാ വോട്ടും എനിക്ക്‌ കിട്ടിയത്‌ മറക്കാനാകാത്ത ഓർമയാണ്‌. അന്ന്‌ ജയിച്ച്‌ എംഎൽഎയായി. 2001ൽ കോട്ടയത്ത്‌ മത്സരിച്ചു. മേഴ്‌സി രവിയാണ്‌ ജയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home