വല്ലാത്ത കട്ട്, എന്തൊരു ഇരുട്ട്

ചൂട് സഹിക്കാനാവാതെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന നൊച്ചിമ സ്വദേശി ഷർമിള ഗോപി
കൊച്ചി
ഗുരുതര രോഗബാധിതരെ ഉൾപ്പെടെ ദുരിതത്തിലേക്ക് തള്ളി യുഡിഎഫ് സർക്കാരിന്റെ പവർകട്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഇരുൾനിറഞ്ഞ പൂക്കിക്കാലത്തിൽ പൊറുതിമുട്ടുകയാണ് നാട്. കുഞ്ഞുങ്ങളും വിദ്യാർഥികളും ഉൾപ്പെടെ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം.
മന്ത്രിയും ഇരുട്ടിൽ
വെള്ളിയാഴ്‌ച വൈദ്യുതിമന്ത്രി സണ്ണി ജോസഫ് ജില്ലയിലുണ്ടായി. പവർകട്ടിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി ശ്രമിച്ചത് സർക്കാരിന്റെ വീഴ്‌ച മറയ്‌ക്കാൻ. വീടുകളും കെട്ടിടങ്ങളും കൂടുതൽ നിർമിക്കുകയും അവിടെ എസി സ്ഥാപിച്ചതുംമൂലം വൈദ്യുതി ഉപഭോഗം കൂടിയെന്നാണ് മന്ത്രിയുടെ ന്യായം. ചാക്കുംകൊണ്ടുപോയാൽ വൈദ്യുതി കിട്ടില്ലെന്നും പറഞ്ഞു. പിന്നാലെ മറ്റൊരുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്പോൾ കറന്റ് പോയി മന്ത്രിയും ഇരുട്ടിലായി.
കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ പറ്റുന്നില്ല
കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. പവർകട്ട് തീരുന്നതുവരെ കുഞ്ഞിനെയും എടുത്ത് രാത്രി വീടിന് പുറത്തുനിൽക്കേണ്ട അവസ്ഥയാണ്. എങ്ങനെയെങ്കിലും പവർകട്ട് ഒഴിവാക്കണം–നെടുമ്പാശേരി കിഴക്കേ മേയ്ക്കാട് സ്വദേശി ചിഞ്ചു സുമേഷും നൊച്ചിമയിലെ ഷർമിള ഗോപിയും പറഞ്ഞു.
വയറ്റത്തടിക്കുന്നു
കച്ചവടക്കാരെയും പവർകട്ട് ബാധിച്ചതായി കടവന്ത്ര കെ പി വള്ളോൻ റോഡിൽ ടിഎംഎസ് എന്ന ഫ്രൂട്ട്‌സ് ആൻഡ് കൂൾബാർ ഷോപ്പ് നടത്തുന്ന സ്മിജിത്തും കലൂരിലെ കോൾഡ് സ്‌റ്റോറേജിലെ കെ പി ബിനുവും പറഞ്ഞു.
വൈകിട്ടാണ് കച്ചവടം കൂടുതലും നടക്കുന്നത്. പവർകട്ട് വന്നതോടെ രാത്രി കച്ചവടം ഇല്ലാതാവുകയാണ്. ചൂടും കറന്റ് കട്ടും ഒരുമിച്ചായതോടെ കടയിലെ പഴങ്ങൾ പെട്ടെന്ന് മോശമാകുന്നു. പാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും കേടാകുന്നു–സ്‌മിജിത്ത് പറഞ്ഞു. വൈകിട്ടായിരുന്നു കൂടുതൽപേരും കടയിൽ വന്നിരുന്നത്. പവർകട്ട് തുടങ്ങിയതോടെ കടയിൽ ഇരുട്ട് കാണുന്പോൾത്തന്നെ വാഹനം നിർത്താതെപോവുകയാണ്. അഥവാ ആരെങ്കിലും വന്നാൽത്തന്നെ ഇരുട്ടത്ത് ഇറച്ചി നുറുക്കാൻ പാടുപെടുകയാണെന്നും ബിനു പറഞ്ഞു.
ഗുരുതര പ്രതിസന്ധി
നിരന്തരമായി വൈദ്യുതി മുടങ്ങുന്നതുമൂലം പ്ലൈവുഡ് മേഖല ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യവസായിയും സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വെങ്ങോല മേഖലാ പ്രസിഡന്റുമായ സി എ ഷാഹുൽ ഹമീദ്. 24 മണിക്കൂറും തടസ്സമില്ലാതെ ഡ്രയർ അടക്കമുള്ള യന്ത്രസംവിധാനം പ്രവർത്തിക്കണം. കറന്റ് പോകുമ്പോൾ ജനറേറ്ററിനെ ആശ്രയിക്കേണ്ടിവരും. ഭീമമായ തുക ഇതിന് ഡീസൽ ഇനത്തിൽ ചെലവഴിക്കേണ്ടിവരുന്നു. പൊതുവെ ഇൗ മേഖല കഷ്ടപ്പാടിലാണ്. ഇതുംകൂടിയായപ്പോൾ ഇരുട്ടടിയായി.
പണിയാണേൽ തീർന്നിട്ടില്ല, ലാപ്‌ടോപ്പിൽ ചാർജില്ല
പവർകട്ടിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. ജനങ്ങളുടെ രോഷവും പ്രയാസവുമാണ് പ്രതിഫലിക്കുന്നത്. ‘‘എത്രയും പ്രിയപ്പെട്ട മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും അറിയാൻ. കാക്കനാട് ഭാഗത്ത് കറന്റ് കട്ട് കുറച്ച് കൂടുന്നുണ്ട്. പണിയാണെങ്കിൽ തീർന്നിട്ടില്ല. ലാപ്‌ടോപ്പിൽ ചാർജില്ല. ഫോണിലും ചാർജില്ല. ഇനി ഒന്നൊന്നര മണിക്കൂറിന്റെ പണിയുണ്ട്. എന്തുചെയ്യുമെന്ന് അറിയാൻപാടില്ല’’ (ആരതി എന്ന യുവതിയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്)
ചൂട്ട് കത്തിച്ച് പ്രതിഷേധം
കൊച്ചി
അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി ജനജീവിതം ദുസ്സഹമാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസുകളിലേക്ക് ചൂട്ട് കത്തിച്ച് മാർച്ച് സംഘടിപ്പിച്ചു. എറണാകുളം ഗാന്ധിനഗറിലെ കെഎസ്ഇബി ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് പാലാരിവട്ടത്തും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ വൈറ്റിലയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ സോഹൻ വടുതലയിലും കെ ടി അഖിൽദാസ് കൂത്താട്ടുകുളത്തും ജിയോ പയസ് കുത്തുകുഴിയിലും ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി അരുൺകുമാർ പനങ്ങാടും ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്‌കർ വെങ്ങോലയിലും ഉദ്ഘാടനം ചെയ്തു.









0 comments