ad
Deshabhimani

Live News വൈദ്യുതി പ്രതിസന്ധി ഇരുട്ടിൽത്തപ്പി സർക്കാർ

electricity
വെബ് ഡെസ്ക്

Published on Sep 12, 2026, 03:10 AM | 1 min read

തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധിയിൽ ജനം നട്ടംതിരിയുന്പോൾ പ്രശ്‌നപരിഹാരത്തിന്‌ ഒരു നടപടിയുമെടുക്കാതെ സംസ്ഥാന സർക്കാർ. എന്തുചെയ്യണമെന്ന്‌ വ്യക്തതയില്ലാതെ മലക്കംമറിഞ്ഞും നുണപ്രചരിപ്പിച്ചും മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും. സംസ്ഥാനത്തിന്‌ എൽനിനോ മുന്നറിയിപ്പ്‌ കാലാവസ്ഥാ വകുപ്പ്‌ നൽകിയിരുന്നു. സതീശൻ സർക്കാർ ഇത്‌ അവഗണിച്ചു. വരാനിരിക്കുന്ന വെല്ലുവിളികൾ മുന്നിൽക്കണ്ട്‌ ഹ്രസ്വ, ദീർഘകാല കരാറുകളിലേക്ക്‌ കടന്നില്ല. പുതിയ കരാർ ഒപ്പിടുന്നതിന്‌ കമീഷനിൽനിന്ന്‌ അംഗീകാരം വാങ്ങാൻ വൈകി. അംഗീകാരം നേടിയശേഷവും ഉദ്യോഗസ്ഥതല യോഗം വിളിച്ച്‌ നടപടികളുമായി മുന്നോട്ടുപോയില്ല. മുന്പ്‌ കൈകാര്യംചെയ്‌തിരുന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി പ്രതിസന്ധി തരണംചെയ്യുന്നതിന്‌ ആലോചനയുണ്ടായില്ല. മൂന്നുമാസമായി തുടരുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ചർച്ചചെയ്യാൻ വ്യാഴാഴ്ചയാണ്‌ റിവ്യൂയോഗം വിളിച്ചുചേർത്തത്‌. 2023-ൽ സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വൈദ്യുതി വാങ്ങിയും അവർക്ക്‌ ആവശ്യമായ സന്ദർഭങ്ങളിൽ മടക്കിനൽകിയും പവർകട്ട് ഇല്ലാതെ കൃത്യമായ മോണിറ്ററിങ്ങ്‌ നടത്തിയിരുന്നു.

ദിവസവും വൈദ്യുതി ഉപയോഗത്തിലുള്ള വ്യതിയാനം സംബന്ധിച്ച്‌ ഇദ്യോഗസ്ഥരും മന്ത്രിയും തമ്മിൽ ആശയവിനിമയമുണ്ടായി. ഇപ്പോൾ കെഎസ്ഇബി മാനേജ്‌മെന്റും മന്ത്രി ഓഫീസും റെഗുലേറ്ററി കമീഷനും തമ്മിൽ ഏകോപനമില്ലാതായി. ചൂടുകാലത്ത്‌ 1000 മുതൽ 1200 മെഗാവാട്ട്‌ വരെയാണ് വൈദ്യുതി ആവശ്യത്തിൽ സാധാരണയായി വരുന്ന വ്യത്യാസം. 25 ശതമാനം അധിക വൈദ്യുതി ലഭ്യമാക്കുന്നതിൽ മാനേജ്‌മെന്റ്‌ പരാജയപ്പെട്ടു. എൽഡിഎഫ്‌ സർക്കാർ തുടങ്ങിയ 1500 മെഗാവാട്ട്‌ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. അതിലും വീഴ്‌ചവരുത്തി.

2016ൽ എൽഡിഎഫ്‌ അധികാരമേൽക്കുന്പോൾ ഉ‍ൗർജമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ കുറഞ്ഞ നിരക്കിൽ വൈദ്യുതിയെത്തിക്കാനുള്ള പവർഹൈവേ പദ്ധതികൾ യുഡിഎഫ്‌ സ്‌തംഭിപ്പിച്ചിരുന്നു. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാതെ പുറത്തുനിന്ന്‌ കൂടിയ വിലയ്ക്കാണ്‌ വൈദ്യുതി വാങ്ങിയിരുന്നത്‌. കെഎസ്‌ഇബിയുടെ സാന്പത്തിക അടിത്തറ തകർത്തപ്പോൾ 2014–15ൽ ബോർഡിന്റെ നഷ്‌ടം 1272 കോടി രൂപ. ദിവസവും ലോഡ്‌ഷെഡിങ്ങും പവർകട്ടുമായി ജനത്തെ ദ്രോഹിച്ചു. 2016ൽ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാർ ഇടമൺ–കൊച്ചി ലൈൻ പൂർത്തിയാക്കി. ഇതോടെ വൈദ്യുതി ഇറക്കുമതിശേഷി വർധിച്ചു. പുകലൂർ മാടക്കത്തറ എച്ച്‌വിഡിസി ലൈൻ പൂർത്തിയാക്കിയതോടെ ലോഡ്‌ഷെഡിങ്ങിൽനിന്നും പവർകട്ടിൽനിന്നും മുക്തമായി. 2017ൽ രാജ്യത്താദ്യമായി സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home