അടിനാശം, രഹസ്യനീക്കം

കോട്ടയം
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിൽ കലഹം മൂർച്ഛിച്ചു. ഗ്രൂപ്പ് തിരിഞ്ഞ് സ്ഥാനത്തിനുവേണ്ടി ചരടുവലികൾ സജീവമായി. ഇതിനിടെ, സീറ്റ് കുറഞ്ഞ തദ്ദേശസ്ഥാപനങ്ങളിൽ വർഗീയകക്ഷികളുമായി നീക്കുപോക്കിനുള്ള രഹസ്യനീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത് മുൻ പ്രസിഡന്റുകൂടിയായ ജോഷി ഫിലിപ്പിന്റെ പേരാണ്. എന്നാൽ, കുമരകത്തുനിന്ന് ജയിച്ച പി കെ വൈശാഖിന് വേണ്ടിയും ചരടുവലി നടക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തിനായി അവകാശമുന്നയിച്ച് കേരള കോൺഗ്രസും(ജോസഫ്) രംഗത്തെത്തി. എന്നാൽ, നിലവിൽ 12 സീറ്റ് കോൺഗ്രസിനുള്ളതിനാൽ, കേരള കോൺഗ്രസുമായി സ്ഥാനം വീതംവയ്‌ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഇതിൽ കേരള കോൺഗ്രസിന് അമർഷമുണ്ട്. അവസാന ഒരുവർഷമെങ്കിലും ജോസ്‌മോൻ മുണ്ടയ്‌ക്കലിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കോട്ടയം നഗരസഭാധ്യക്ഷ സ്ഥാനത്തിനുവേണ്ടി മൂന്നുപേർ രംഗത്തെത്തിയത് കോൺഗ്രസിന് തലേവദനയായി. എം പി സന്തോഷ്‌കുമാർ, ടി സി റോയി, ടോം കോര അഞ്ചേരിൽ എന്നിവരാണ് രംഗത്തുള്ളത്. മൂന്നുപേർക്കുമായി സ്ഥാനം വീതംവച്ചേക്കും. സന്തോഷ്‌കുമാറിനെ അഞ്ച് വർഷവും ചെയർമാനാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ എതിർക്കുകയായിരുന്നു. ഏറ്റുമാനൂർ നഗരസഭയിലും യുഡിഎഫ-ിന് ലഭിച്ച മിക്ക പഞ്ചായത്തുകളിലും ഒന്നിലധികം പേർ അധ്യക്ഷസ്ഥാനത്തിന് ശ്രമിക്കുന്നുണ്ട്. ഇതിൽ മുതിർന്ന നേതാക്കൾ മുതൽ യുവാക്കൾവരെയുണ്ട്. ഇൗരാറ്റുപേട്ട നഗരസഭയിൽ മുസ്ലിംലീഗിനാണ് അധ്യക്ഷസ്ഥാനം. കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് തള്ളി. കുമരകം പഞ്ചായത്തിലാണ് യുഡിഎഫ് കൈവിട്ട കളി കളിക്കുന്നത്. ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ചില തദ്ദേശസ്ഥാപനങ്ങളിൽ ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്ന് കേരള കോൺഗ്രസ് ആവശ്യമുന്നയിക്കുന്നതും യുഡിഎഫിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.










0 comments