ad
Deshabhimani

നിമിഷങ്ങളുടെ വ്യത്യാസത്തിൽ അതിശക്തമായ ഇരട്ട ഭൂചലനം; വെനസ്വേലയിൽ അടിയന്തരാവസ്ഥ

Earthquake

(Photo: Reuters)

വെബ് ഡെസ്ക്

Published on Jun 25, 2026, 11:49 AM | 2 min read

കാരക്കാസ്: വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒന്നിനു പുറകെ ഒന്നായി നിമിഷങ്ങളുടെ വ്യത്യാസത്തിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെനസ്വേലയിൽ ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണ്. ഇപ്പോൾ ഉണ്ടായ ഭൂചലനങ്ങൾ ഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചലനങ്ങളിൽ ഒന്നാണ്.വെനസ്വേലയുടെ തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ബുധനാഴ്ച വൈകുന്നേരമാണ് ഭൂചലനമുണ്ടായത്. മരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു.


വെനസ്വേലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരട്ട ഭൂചലനമുണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. പിന്നീട് അത് 7.2 ആയി തിരുത്തുകയും ചെയ്തു. കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ജനങ്ങൾ പരിഭ്രാന്തരായിരിക്കെയാണ് രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പവും ഉണ്ടായത്. മൊറോൺ നഗരത്തിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. തലസ്ഥാനമായ കാരക്കാസിൽ ഭൂചലനം കടുത്ത നാശനഷ്ടവും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്.


കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ ജീവനുംകൊണ്ട് തെരുവുകളിലേക്ക് ഓടിയിറങ്ങി. നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങളുടെയും ചുവരുകൾ പൂർണമായി തകർന്നു വീണു. കാരക്കാസിലെ രണ്ട് പ്രധാന ജനവാസ മേഖലകളിൽ വൻ കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് പ്രദേശം മുഴുവൻ പൊടിപടലങ്ങളാൽ മൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതവും പരുക്കേറ്റവരുടെ വിവരങ്ങളും അധികൃതർ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കി. നാശനഷ്ടങ്ങൾക്കൊപ്പം തന്നെ ആളപായത്തെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്.


കൃത്യമായ മരണസംഖ്യയോ പരിക്കേറ്റവരുടെ വിവരങ്ങളോ സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ ഇന്റർനാഷണൽ എയർപോർട്ടിന് ഭൂകമ്പത്തിൽ കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ അതീവ ഗുരുതരമായതിനെത്തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടി. റോഡുകളിൽ വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളും അവശിഷ്ടങ്ങളും ഗതാഗതത്തെയും ബാധിച്ചു. കൊളംബിയയുടെ ചില ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടുവെങ്കിലും അവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകൾ തകരാൻ സാധ്യതയുള്ള കെട്ടിടങ്ങളിൽ നിന്ന് മാറി പുറത്ത് തന്നെ തുടരാൻ നിർദ്ദേശമുണ്ട്. രാജ്യത്ത് സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുറച്ച് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home