വെനസ്വേലയിൽ വൻദുരന്തം വിതച്ച് ഇരട്ടഭൂചലനം; മരണം ഒരുലക്ഷം കടന്നേക്കാമെന്ന് റിപ്പോർട്ട്

image courtesy : afp
കാരക്കാസ്: വെനസ്വേലയിൽ വൻ നാശനഷ്ടം വിതച്ച് മിനിറ്റുകളുടെ വ്യത്യാസത്തിൽ അതിശക്തമായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഭൂകമ്പത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നു വീണു. അപകടത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.
image courtesy : afp
യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഇതിന് തൊട്ടുപിന്നാലെ ഒരു മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി. ഇതിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.5 ആയിരുന്നു. വെനസ്വേലയുടെ കരീബിയൻ തീരദേശ നഗരമായ മൊറോണിന് സമീപമാണ് രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം. ഭൂമിക്ക് അടിയിൽ വളരെ കുറഞ്ഞ ആഴത്തിലാണ് (22 കിലോമീറ്ററും 10 കിലോമീറ്ററും) ഇവ സംഭവിച്ചത് എന്നത് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടി.
പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയാണ് ദുരന്തമുണ്ടായത്. ജനങ്ങൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഇതുവരെ 32 പേർ മരണപ്പെടുകയും 700-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
image courtesy : afp
അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, ഭൂകമമ്പത്തിൽ മരണസംഖ്യ പതിനായിരം കടക്കാൻ 44% സാധ്യതയും ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഇത് ഒരുലക്ഷം വരെ ഉയർന്നേക്കാനുള്ള സാധ്യത 30% ആണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ കരാക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് തകർന്നടിഞ്ഞത്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ലാ ഗ്വൈറ പ്രവിശ്യയെ പൂർണമായും ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു.
image courtesy : afp
നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ അടിയന്തര രക്ഷാപ്രവർത്തകർക്ക് വഴിമാറിക്കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഭൂകമ്പത്തെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. തലസ്ഥാന നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളും ഗ്യാസ് വിതരണവും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
image courtesy : afp









0 comments