മോതിരം മോഷണം; പ്രതി പിടിയിൽ

വാകത്താനത്തെ ജ്വല്ലറി മോഷണക്കേസിൽ അറസ്റ്റിലായ രാഹുൽ രാജേന്ദ്രൻ പൊലീസിനോടൊപ്പം
വാകത്താനം
വാകത്താനം ഞാലിയാകുഴിയിലെ ‘കുളത്തിങ്കൽ ജ്യൂവലറി’യിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ പ്രതി പിടിയിൽ. കറുകച്ചാൽ കങ്ങഴ വടക്കത്തുപ്പടി ഇടയപ്പറമ്പത്തുപ്പറമ്പിൽ രാഹുൽ രാജേന്ദ്രനെ (24) ആണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജ്വല്ലറിയിലെത്തിയ പ്രതി, കറുകച്ചാലിലെ ഒരു ഫർണിച്ചർ കടയിലെ ഡ്രൈവറാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. സ്വർണം തിരഞ്ഞെടുക്കുന്നതിനിടെ ഒരു പവനോളം തൂക്കമുള്ള മോതിരം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു, ചങ്ങനാശേരി ഡിവൈഎസ് പി എ ആഷാദ് എന്നിവരുടെ നിർദേശത്തെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, വാഹനം മാസങ്ങൾക്ക് മുമ്പ് വിറ്റതാണെന്ന് കണ്ടെത്തി. തുടർന്ന് പെരുമ്പാവൂരിലെ ഒരു ഷോറൂമിൽ നിന്ന് ഇൗ വാഹനം വാങ്ങിയ ആളാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ കോട്ടയം പുളിമൂട് ജങ്‌ഷനിലെ കോയിക്കൽ ജ്വല്ലറിയിൽ കഴിഞ്ഞ മാർച്ചിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കും. സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് ചന്ദൻ, പ്രീതിഷ് പ്രസാദ്, ഡ്രൈവർ സുബിൻ പി. സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










0 comments