കാലവർഷം പിന്നോട്ട്

സ്വന്തം ലേഖിക
കോട്ടയം
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ ദുർബലമായതോടെ ജില്ലയിൽ ചൂട് വീണ്ടും കടുക്കുന്നു. ജൂൺ ആദ്യവാരത്തിൽ ലഭിച്ച കനത്ത മഴ പെട്ടെന്ന് പിൻവാങ്ങിയതാണ് അന്തരീക്ഷ താപനില വീണ്ടും ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നെങ്കിലും കാര്യമായ മഴ ലഭിച്ചില്ല. മഴ കുറഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ വേനലിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നിലവിൽ ശനിവരെ ജില്ലയിൽ പച്ച അലർട്ടാണ്. ചൊവ്വ പകൽ മഴ മേഘങ്ങൾ വിട്ടുനിന്നതോടെ സാധാരണ അനുഭവപ്പെടുന്ന പകൽ താപനിലയേക്കാൾ 2.1 ഡിഗ്രി സെൽഷ്യസ് അധിക താപനിലയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എൽ നിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണം. പസഫിക്കിലെ ഈ മാറ്റം പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയ്ക്കുകയും കേരള തീരത്തേയ്‌ക്ക് മഴമേഘങ്ങൾ എത്തുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അനുകൂലമായ അന്തരീക്ഷ ചുഴികൾ രൂപപ്പെടാത്തതും തിരിച്ചടിയായി. ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ് കാലവസ്ഥ അറിയിപ്പ്. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മെയ് മുതൽ മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത മഴയാണ് ലഭിച്ചത്. കാലവർഷം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ സാധാരണയേക്കാൾ 36 ശതമാനം അധികമഴയും ജില്ലയിൽ ലഭിച്ചിരുന്നു.









0 comments