എന്താണ് അക്ഷരം ? ‘ നാശമില്ലാത്തത് ’

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഉദ്ഘാടകൻ ഡോ. അജു കെ നാരായണൻ, നടൻ ജയശങ്കർ കാരിമുട്ടം എന്നിവർ വിശിഷ്‌ടാതിഥികൾക്കും വിദ്യാർഥികൾക്കുമൊപ്പം
ചങ്ങനാശേരി
"അക്ഷരം' എന്ന വാക്കിന്റെ അർഥം എന്താണെന്നറിയാമോ ? ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാ മത്സരത്തിന്റെ ഉദ്‌ഘാടകൻ പ്രൊഫ-. അജു കെ നാരായണൻ കുട്ടികളോട് ചോദിച്ചു. സദസിൽനിന്ന് ഒരു കൊച്ചുകുട്ടി എഴുന്നേറ്റു നിന്നു. ശങ്കയേതുമില്ലാതെ അവൾ പറഞ്ഞു – നാശമില്ലാത്തത്. ഉത്തരം വളരെ ശരിയെന്ന് ചോദ്യകർത്താവ് പറഞ്ഞപ്പോൾ സദസിൽ നിറഞ്ഞ കൈയടി. സംസ്‌കൃതത്തിൽ ‘ക്ഷരം’ എന്ന് പറഞ്ഞാൽ നാശമെന്നും ‘ അക്ഷരം ’ നാശമില്ലാത്തതാണെന്നും അജു കെ നാരായണൻ വ്യക്തമാക്കി. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽപി സ്‌കൂൾ വിദ്യാർഥിനി ആദിശ്രീ അരുണായിരുന്നു ഉത്തരം പറഞ്ഞ മിടുക്കി. കൊച്ചുകുട്ടികളിലെ അസാധാരണ വൈഭവങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു ജില്ലാ മത്സരം. പതിനഞ്ചാം സീസണിലെ മൂന്നാംഘട്ട മത്സരങ്ങൾ ഇതോടെ പൂർത്തിയായി. ഇനി സംസ്ഥാന മത്സരം. ഉപജില്ലാ വിജയികളാണ് മാറ്റുരച്ചത്. അക്ഷരമുറ്റം അവരിൽ അറിവിനോടുള്ള ആഗ്രഹം എത്രമാത്രം വളർത്തിയെന്ന് പ്രകടമായിരുന്നു. മത്സരത്തിന്റെ ആവേശവും സൗഹൃദാന്തരീക്ഷവുമെല്ലാം മറക്കാനാകാത്ത അനുഭവമായി. പ്രസംഗ മത്സരവും നടന്നു. വിദ്യാർഥികൾക്കായി നടത്തിയ സയൻസ് പാർലമെന്റ് ടെക്‌ജെൻഷ്യ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് സിഇഒ ജോയി സെബാസ്‌റ്റ്യൻ നയിച്ചു. തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കെ ഡി സുഗതൻ അധ്യക്ഷനായി. നടൻ ജയശങ്കർ കാരിമുട്ടം മുഖ്യാതിഥിയായി. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്‌ജിത് വിശ്വം, ജോയി സെബാസ്‌റ്റ്യൻ, കെഎസ്‌ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാജ്‌കുമാർ, സംഘാടകസമിതി വൈസ് ചെയർമാൻ വി കെ സുനിൽകുമാർ, എംജി സർവകലാശാല മുൻ സിൻഡിക്കറ്റംഗം പി കെ പത്മകുമാർ, ജില്ലാ പഞ്ചായത്തംഗം മഞ്‌ജു സുജിത്ത്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനില പ്രസന്നൻ, തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ രാജു എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ഷെല്ലി ജേക്കബ് സ്വാഗതവും ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫ് നന്ദിയും പറഞ്ഞു.
സമ്മാനദാനം മെഗാ ഇവന്റിൽ
ചങ്ങനാശേരി
ജില്ലാമത്സരത്തിലെ വിജയികൾക്ക് മെഗാ ഇവന്റ് അടക്കം വിപുലമായ പരിപാടികളോടെ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയുമാണ് സമ്മാനം. ഇതോടൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും നൽകും. പ്രസംഗ മത്സര വിജയികൾക്ക് യഥാക്രമം 5000, 3000 രൂപയുമാണ് സമ്മാനം. വെൻകോബ് പ്രൈസ് സ്പോൺസറും ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, ആംകോസ്, ജെ എൻ ലൈറ്റിങ്സ്, ധർമപ്രിയ ഫിനാൻസ് എന്നിവർ സഹപ്രായോജകരുമാണ്.









0 comments