ട്രെയിനിൽനിന്ന് മൊബൈലും പണവും മോഷ്ടിക്കുന്ന പ്രതി പിടിയിൽ

കോട്ടയം
ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച പ്രതി അറസ്‌റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ കുരുവിക്കാട്ടിൽ ചെല്ലൈദുരെ(65)യാണ് പിടിയിലായത്. റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൊച്ചുവേളി ലോകമാന്യ തിലക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്‌റ്റ്. ഗുഡ്‌ഷെഡിനു സമീപത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ ചോദ്യം ചെയ്‌തതോടെയാണ് മോഷണവിവരം അറിയുന്നത്. ഇയാളുടെ ബാഗിൽനിന്നും മോഷ്‌ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തി. ലോകമാന്യ തിലക് എക്‌സ്‌പ്രസിസിൽ യാത്രക്കാരിയിൽനിന്ന് മോഷ്‌ടിച്ച ബാഗും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. ഇതുകൂടാതെ ആപ്പിൾ ഐപാഡും, 2350 രൂപയും ബാഗിനുള്ളിലുണ്ടായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്‌ടിച്ച ഒരുലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോണും ഇയാളിൽനിന്നും കണ്ടെത്തി. റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫ്, ആർപിഎഫ് എസ്ഐ എൻ എസ് സന്തോഷ്, എഎസ്‌ഐ സന്തോഷ് കുമാർ, ക്രൈം ഇന്റലിജൻസ് എസ് ഐ ഫിലിപ്പ് ജോൺ, കോൺസ്റ്റബിൾമാരായ വിനീഷ്‌കുമാർ, ഉദയകുമാർ എ ന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments