Deshabhimani

മഴക്കാലത്തും പൊള്ളുന്നേ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2026, 02:53 AM | 1 min read

കോട്ടയം മഴക്കാലമാണ്‌. എന്നാൽ, കനത്ത ചൂടിൽ വെന്തുരുകുകയാണ്‌ ജില്ല. ഇനിയുള്ള രണ്ട്‌ ദിവസം പകൽ താപനിലയിൽ വർധനയ്‌ക്ക്‌ സാധ്യതയെന്നാണ്‌ കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്‌. സെപ്‌തംബർ ആദ്യവാരം മുതൽക്കെ മഴ പൂർണമായി മാറിനിന്നതോടെ കടുത്ത ചൂടാണ്‌. കഴിഞ്ഞ ആഴ്ചകളിലായി ജില്ലയിൽ രേഖപ്പെടുത്തിയത്‌ സാധാരണയേക്കാൾ 4.8 ഡിഗ്രി സെൽഷ്യസ്‌ താപനിലയാണ്‌. സെപ്‌തംബർ ആദ്യ പകുതിയിൽ ഒരുശതമാനം മാത്രമാണ്‌ ജില്ലയിൽ ലഭിച്ച മഴ. തെളിഞ്ഞ ആകാശവും കടുത്ത വെയിലും കാരണം ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു. ഉയർന്ന പ്രദേശങ്ങളിലെല്ലാം വെള്ളം വറ്റി തുടങ്ങിട്ടുണ്ട്‌. പകൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയും പൊരിവെയിലിൽ നരകിക്കുന്നു. തുലാവർഷമാണ് ജില്ലയ്ക്ക് ആകെയുള്ള പ്രതീക്ഷ. കാലവർഷത്തിന് സമാനമാണ് തുലാവർഷമെങ്കിൽ ചൂടും ജലക്ഷാമവും രൂക്ഷമാകുമെന്നുറപ്പ്. കഴിഞ്ഞ വർഷം തുലാവർഷം ആരംഭിച്ച്‌ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 48 ശതമാനം അധികമഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. ഇ‍ൗ വർഷം കാലവർഷം ദുർബലമായെങ്കിലും മെച്ചപ്പെട്ട തുലാവർഷം ലഭിച്ചേക്കുമെന്നാണ്‌ പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home