കോട്ടയം മെഡിക്കൽ കോളേജ്
താളംതെറ്റി ചികിത്സ

ശോച്യാവസ്ഥയിലായ ഫാർമസി കോളേജ് കെട്ടിടം
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിൽ അധ്യാപകക്ഷാമം രൂക്ഷം. നിലവിൽ 90 അധ്യാപകരുടെ ഒഴിവുകളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി ആറ് പ്രൊഫസർമാരുടെയും 12 അസോസിയേറ്റ് പ്രൊഫസർമാരുടെയും 50 അസിസ്‌റ്റന്റ് പ്രൊഫസർമാരുടെയും ഒഴിവുകൾ ഉൾപ്പെടെയാണ് 90 ഒഴിവുകൾ. ഒഴിവുകൾ എത്രയും വേഗം നികത്താൻ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി കെ മുരളീധരനോട് മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. നിരവധി വിലപിടിപ്പുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടെങ്കിലും തകരാർ വന്നാൽ നന്നാക്കാൻ ബയോ മെഡിക്കൽ എൻജിനിയർ ഇല്ല. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള ബയോ മെഡിക്കൽ എൻജിനിയർ ആഴ്‌ചയിൽ ഒരു ദിവസം വന്നുപോകുകയാണ്. സീനിയർ റെസിഡന്റുമാരുടെ കൂടുതൽ തസ്‌തികകൾ അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അധ്യാപകരുടെ ഒഴിവുകൾ ഒപി പ്രവർത്തനത്തെയും വാർഡുകളിലെ ചികിത്സയെയും കാര്യമായി ബാധിക്കും. നിലവിലുള്ള മെൻസ് ഹോസ്റ്റൽ കാലപ്പഴക്കംമൂലം പൊളിക്കുകയാണ്. ഹോസ്‌റ്റൽ ഇല്ലാത്തത് വിദ്യാർഥികളെ വലയ്‌ക്കുന്നു. ബിപിടി കോഴ്‌സിനും അധ്യാപകരില്ല കോട്ടയം മെഡിക്കൽ കോളേജിലെ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി(ബിപിടി) കോഴ്‌സിനും വേണ്ടത്ര അധ്യാപകരില്ല. നല്ല ക്ലാസ് മുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. എൽബിഎസ് വഴി പ്രവേശനം നേടിയ, ഉയർന്ന മാർക്ക് വാങ്ങിയ മിടുക്കരായ വിദ്യാർഥികളാണ് ബിപിടി കോഴ്‌സിൽ പഠിക്കുന്നത്. നിലവിൽ സയന്റിഫിക് അസിസ്‌റ്റന്റ്(ഫിസിയോതെറാപ്പി ) തസ്‌തികയിലുള്ള ഒരു ഫാക്കൽറ്റി മാത്രമാണ് ഇവിടെ താൽക്കാലികമായി ക്ലാസ് എടുത്ത് നൽകുന്നത്. രാവിലെ ഒരു മണിക്കൂർ ഒന്നാം വർഷ വിദ്യാർഥികൾക്കും ഉച്ചയ്‌ക്കുശേഷം രണ്ട് മണിക്കൂർ രണ്ടാം വർഷ വിദ്യാർഥികൾക്കും ഇതേ ഫാക്കൽറ്റിയാണ് ക്ലാസ് എടുക്കുന്നത്. ഇതിനിടയിൽ ഒപിയിലെ രോഗികൾക്ക് ഫിസിയോതെറാപ്പി ചികിത്സയും നൽകേണ്ടതുണ്ട്. നിലവിൽ പ്രാക്‌ടിക്കൽ ക്ലാസുകൾ നൽകാൻ സ്‌റ്റാഫില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. നിർദിഷ്ട തസ്‌തികകളിൽ അധ്യാപകർ ഇല്ലെങ്കിൽ കോളേജിന്റെ യൂണിവേഴ്‌സിറ്റി അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പ്രാക്‌ടിക്കൽ പരീക്ഷകൾക്ക് ആവശ്യമായ അധ്യാപകർ ഇല്ലെങ്കിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിക്കാതിരിക്കാനും സാധ്യതയുണ്ട്. തസ്‌തിക സൃഷ്ടിക്കുന്നതിൽ കാലതാമസം വരുന്നതുകൊണ്ട്, നിലവിൽ സർവീസിലുള്ള എംപിടി യോഗ്യതയുള്ളവരെ അടിയന്തരമായി ഡെപ്യൂട്ടേഷനിലോ വർക്കിങ് അറേഞ്ച്മെന്റിലോ കോളേജിൽ നിയമിക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. മെഡിക്കൽ കോളേജിലെ ബിൽഡിങ്ങിലാണ് ബിപിടി ക്ലാസുകൾ നടക്കുന്നത്. നിലവിലുള്ള ക്ലാസ് മുറികളും ശുചിമുറികളും ശോചനീയാവസ്ഥയിലാണ്.










0 comments