print edition ‘സെർവറിൽ കുടുങ്ങി’ പിഎഫ് പെൻഷൻ വിതരണം

കൊച്ചി: പിഎഫ് പെൻഷൻ മുടങ്ങിയതുമൂലം ആയിരക്കണക്കിനുപേർ ദുരിതത്തിൽ. എല്ലാമാസവും 25ന് എത്തുന്ന തുക മാസാന്ത്യമായിട്ടും ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മേഖലാ അടിസ്ഥാനത്തിലാണ് പെൻഷൻ വിതരണം നടന്നിരുന്നത്. എന്നാൽ, ഇന്ത്യയൊട്ടാകെ പിഎഫ് പെൻഷൻ വിതരണം ഒറ്റ സെർവറിലൂടെയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് പെൻഷൻ വൈകാൻ കാരണമായത്. കേന്ദ്രീകൃത സെർവറിലേക്ക് വിതരണം മാറ്റുന്നതിന് സെർവർ അപ്ഡേഷൻ നടക്കുന്നതിനാലാണ് ജൂലൈയിലെ വിതരണം വൈകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
സെർവർ സജ്ജമായാൽ ഡൽഹി സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമീഷണർ ഓഫീസിൽനിന്ന് ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ ലഭിക്കും. അതാത് റീജണൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് വഴിയായിരുന്നു ഇതുവരെ വിതരണം. മിനിമം പെൻഷൻ വാങ്ങുന്നവർ, ഉയർന്ന ശമ്പള അടിസ്ഥാനത്തിൽ പെൻഷൻ -ലഭിക്കുന്നവർ, 58 വയസ്സിനുശേഷം സർവീസിൽ തുടരുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി പെൻഷൻ പോർട്ടലുകൾ തരംതിരിച്ച് തയ്യാറാക്കുകയാണ്. ഇത് തയ്യാറായാലേ തുക വിതരണം ചെയ്യാനാകൂ.
പെൻഷൻ മുടങ്ങിയതോടെ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളം, ആലപ്പുഴ ജില്ലാ ഭാരവാഹികൾ അസി. പിഎഫ് കമീഷണർ എം എം തോമസുമായി ചർച്ച നടത്തി. സെർവർ അപ്ഡേഷൻ പൂർത്തിയായാൽ രണ്ടുദിവസത്തിനകം പെൻഷൻ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചു. പെൻഷൻ വിതരണത്തിൽ ഭാവിയിൽ ഉണ്ടാകാവുന്ന ഏതുപ്രശ്നവും കൊച്ചി ആർപിഎഫ്ഒയിൽ ബന്ധപ്പെട്ടാൽ പരിഹരിക്കാമെന്ന് കമീഷണർ അറിയിച്ചു. ചർച്ചയിൽ ജില്ലാ വർക്കിങ് പ്രസിഡന്റ് ടി കെ രമേശൻ, സെക്രട്ടറി കെ ജെ ആൽഫ്രഡ്, ആലപ്പുഴ ജില്ലാ സെക്രട്ടറി പി എൻ പുരുഷൻ എന്നിവർ പങ്കെടുത്തു.










0 comments