ad
Deshabhimani

print edition സതീശനെതിരായ കേസ്‌
കോടതി തള്ളിയിട്ടില്ല

Punarjani
avatar
സി കെ ദിനേശ്‌

Published on Aug 01, 2026, 02:01 AM | 1 min read

തിരുവനന്തപുരം: പുനർജനി തട്ടിപ്പിലെ വിജിലൻസ്‌ കേസ്‌ സ്വന്തം അധികാരത്തിന്റെ ബലത്തിൽ അവസാനിപ്പിക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ കുതന്ത്രം നിലനിൽക്കില്ല. വിജിലൻസ്‌ റിപ്പോർട്ടിനെ തുടർന്നാണ് സതീശന്‌ ക്ലീൻചിറ്റ്‌ നൽകുന്നതെന്നാണ് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എന്നാൽ എംഎൽഎയായ സതീശൻ ഭവനപദ്ധതിയുടെ പേരിൽ അനുമതിയില്ലാതെ വിദേശത്തുപോയി പണപ്പിരിവ്‌ നടത്തിയത്‌ കോടതിയോ സിബിഐയോ ശരിവച്ചിട്ടില്ല.


ജയ്സൺ പാനികുളങ്ങരയുടെ പൊതുതാൽപ്പര്യ ഹർജിയിൽ, ‘സമാനമായ നിരവധി പരാതികളിന്മേൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുണ്ട്‌. ഈ പരാതിയിൽ അന്വേഷണം നടത്തുന്നതായി വിജിലൻസും അത്‌ തുടരട്ടെയെന്ന്‌ സിബിഐയും അറിയിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഇപ്പോൾ കേസിൽ ഇടപെടുന്നത്‌ അനവസരത്തിലുള്ളതാവും’ എന്നുപറഞ്ഞാണ്‌ 2020 ഡിസംബറിൽ ഹൈക്കോടതി ഹർജി തീർപ്പാക്കിയത്‌.


അന്വേഷണം വൈകുന്നുവെന്നോ ഇഴയുന്നുവെന്നോ പരാതിക്കാരന്‌ ആക്ഷേപമുണ്ടെങ്കിൽ പരിഹാരംതേടാൻ ഒട്ടേറെ സംവിധാനങ്ങൾ നിലവിലുണ്ടെന്നും ചീഫ്‌ ജസ്റ്റിസ്‌ മണികുമാറും ജസ്റ്റിസ്‌ ഷാജി പി ചാലിയും വ്യക്തമാക്കിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നോ തെളിവുകൾ വ്യാജമാണെന്നോ ഒരിക്കലും കോടതി പറഞ്ഞിട്ടില്ല. എന്നാൽ, വി ഡി സതീശൻ പ്രചരിപ്പിച്ചത്‌ കോടതി എല്ലാം തള്ളിയെന്നും. ഇപ്പോൾ രമേശ്‌ ചെന്നിത്തലയും അത്‌ ആവർത്തിക്കുന്നു. തെളിവുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ വിജിലൻസ്‌ അന്വേഷിക്കട്ടെയെന്ന്‌ കോടതിയെ സിബിഐ അറിയിച്ചത്. എംഎൽഎ പദവി ദുരുപയോഗിച്ചാണ്‌ സതീശൻ വിദേശത്ത് പോയി അനധികൃതമായി പണം പിരിച്ചതെന്ന ആരോപണം തള്ളിക്കളയാനാകാത്തതാണെന്ന് നിയമവിദഗ്ധരും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home