‘റൗണ്ട് എബൗട്ട് ’ട്രാഫിക് നിർത്തലാക്കുന്നു

കളമശേരി എച്ച്എംടി കവല കേന്ദ്രീകരിച്ച് പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ റൗണ്ട് എബൗട്ട് ട്രാഫിക് പരിഷ്കാരം
കളമശേരി
കളമശേരിയിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ആര്യാസ് കവല, എച്ച്എംടി ജങ്ഷൻ, ടി വി എസ് കവല എന്നിവ ഉൾപ്പെടുത്തി ഏർപ്പെടുത്തിയ റൗണ്ട് എബൗട്ട് ട്രാഫിക് സംവിധാനം നിർത്തലാക്കി സിഗ്നൽ സംവിധാനം പുനസ്ഥാപിക്കാൻ തീരുമാനം. മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം.
ആലുവ ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ആര്യാസ് ജങ്‌ഷനിൽ നിന്നും പഴയ ദേശീയപാത വഴി തിരിച്ചു വിടുന്നത് നിർത്തലാക്കും. ദേശീയപാതയിലെ ആര്യാസ് ജങ്‌ഷനിലെയും ടിവിഎസ് ജങ്‌ഷനിലെയും സിഗ്നലുകൾ പ്രവർത്തിപ്പിക്കും. ആലുവയിൽ നിന്നും വരുന്ന ബസുകൾ ഈ രണ്ട് സിഗ്നലുകളിലും ഫ്രീ ലെഫ്റ്റ് പോകാനുള്ള നടപടി സ്വീകരിക്കും. മറ്റു വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്നതിനും ട്രാഫിക് വിഭാഗത്തിന് നിർദേശം നൽകി.
എറണാകുളത്തു നിന്ന് വരുന്ന ബസുകളും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യാസ് ജങ്‌ഷനിലെ സിഗ്നലിൽ എത്തി പഴയ ദേശീയപാതയിലൂടെ എച്ച്എംടി ജങ്‌ഷനിലേക്ക് പ്രവേശിക്കാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം പൊതുജന അഭിപ്രായം സ്വരൂപിച്ച് യാഥാർഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
എച്ച്എംടി ജങ്‌ഷനിൽ നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് പോകുന്ന റോഡിലെ ഗതാഗത പ്രശ്നപരിഹാരത്തിനായി നിലവിലെ യുടേണുകളുടെ എണ്ണം കുറയ്ക്കാനും സീപോർട്ട് എയർപോർട്ട് റോഡിലെ ടാങ്കർ ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ മുന്നോട്ടു വെച്ചത്.
പഠിക്കാതെ പരിഷ-്-്കാരം വീണ്ടും കുരുക്കിലേക്ക്
കളമശേരി
വിശദമായ പഠനവും ചർച്ചകളും നടത്തി മന്ത്രിയായിരുന്ന പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരിയിൽ രണ്ടുവർഷം മുമ്പ് നടപ്പാക്കിയ റൗണ്ട് എബൗട്ട് ട്രാഫിക് പരിഷ്കാരം പുളിഞ്ചോടുമുതൽ ഇടപ്പള്ളിവരെയുള്ള ഹൈവേയിലെ മണിക്കൂറുകൾ നീണ്ട ഗതാഗതസ്തംഭനം ഒഴിവാക്കാൻ കാരണമായിരുന്നു.
ദേശീയപാതയിലേക്ക് എത്തുന്ന ഏലൂർ റോഡ്, എച്ച്എംടി റോഡ്, സൗത്ത് കളമശേരി റോഡ്, കുസാറ്റ് റോഡ് തുടങ്ങിയവയിൽ നീണ്ട ഗതാഗത സ്തംഭനം പതിവായിരുന്ന സമയത്ത് നടപ്പാക്കിയ പരിഷ്കാരം പൊതുജനസമ്മതിയും നേടി. പുളിഞ്ചോടുമുതൽ പാലാരിവട്ടംവരെ സിഗ്നലില്ലാത്ത സുഗമ യാത്രയ്ക്കും ഇത് വഴിതുറന്നു.
രണ്ടുവർഷമായി തുടരുന്ന ട്രാഫിക് പരിഷ്കാരം കളമശേരി ഭാഗത്ത് ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണവും വലിയ തോതിൽ കുറച്ചു. മാസത്തിൽ രണ്ടും മൂന്നും പേർ അപകടത്തിൽ മരിക്കുന്ന ടിവിഎസ്, കുസാറ്റ് കവലകളിൽ ക്രോസിങ് അടച്ചതോടെ അപകടങ്ങളില്ലാതായി. ബസുകൾക്ക് ഒരു ദിവസം ഏഴ് ലിറ്റർ വരെ പെട്രോൾ ലാഭമുണ്ടായെന്ന് വാഹന ഉടമകൾ സാക്ഷ്യപ്പെടുത്തി. റോഡിലെ കാത്തിരിപ്പ് അവസാനിച്ചു.
വാഹന യാത്രക്കാർക്ക് സൗകര്യപ്രദമായി നടപ്പാക്കിയ പരിഷ്കാരം കാര്യമായ പരാതികളില്ലാതെയാണ് മാറ്റി പഴയ മട്ടിലാക്കുന്നത്.
നിലവിൽ രാവിലെയും വൈകിട്ടും റെയിൽവേ മേൽപാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. റോഡ് നിറയെ കുഴികളായതാണ് ഇതിന് കാരണം. രാവിലെ 8.30 മുതൽ 10.30 വരെ ഭാരവാഹനങ്ങൾ ആര്യാസ് കവലയിലേക്ക് പ്രവേശിക്കരുതെന്ന കലക്ടറുടെ ഉത്തരവ് പാലിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്. അതോടൊപ്പം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നിശ്ചയിച്ച പോയിന്റുകളിൽ പൊലീസ് സഹായമില്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.









0 comments