ad
Deshabhimani

print edition എംഡിഎംഎ പണമിടപാട്; അന്വേഷണം അധ്യാപകരിൽനിന്ന്‌ പണം വാങ്ങിയവരിലേക്ക്‌

mdma case teacher.jpg
വെബ് ഡെസ്ക്

Published on Aug 01, 2026, 01:18 AM | 1 min read

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം ഉ‍ൗർജിതമാക്കി പൊലീസ്. പിടിയിലായ പ്രതികളിൽനിന്ന്‌ പണം സ്വീകരിച്ച ആളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം . വയനാട് സ്വദേശിയായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പണം അയച്ചതെന്നാണ് പൊലീസ് നിഗമനം. അന്തർ സംസ്ഥാന ലഹരി വിതരണ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇയാൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.


പിടിയിലായാൽ ലഹരിവിതരണ ശൃംഖലയുടെ പ്രധാന കണ്ണികളിലേക്ക് എത്താനും പൊലീസിനാകും. കേസിൽ റിമാൻഡിലുള്ള പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയിനർ നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യക്കോസ് എന്നിവരെ കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷകസംഘം നടപടി ആരംഭിച്ചു.


അധ്യാപികമാർക്ക് യുപിഐ ഇടപാടിലൂടെ പണം കൈമാറിയവരുടെ പേര് വിവരങ്ങളും പൊലീസ് ശേഖരിച്ചു. കൂടുതൽ തവണ പണം അയച്ചവരെയും വൻതുക അയച്ചവരെയും ചോദ്യംചെയ്യും. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ നൂറുകണക്കിന് പേരാണ്‌ പണം അയച്ചത്‌.


അതുകൊണ്ടുതന്നെ വലിയ സംഘം കച്ചവടത്തിന് പിന്നിലുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. പ്രാഥമിക അന്വേഷണത്തിൽ തന്നെ മയക്കുമരുന്ന് വിതരണത്തിന്റെ ശൃംഖലയിലേക്ക് എത്താൻ പൊലീസിനായിട്ടുണ്ട്‌. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക അന്വേഷകസംഘം കേസ് അന്വേഷിക്കുന്നത്. ഡിഐജി കാർത്തിക് വടകരയിലെത്തി കഴിഞ്ഞ ദിവസം അന്വേഷണ പുരോഗതി വിലയിരുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home