കണ്ണീർവാർത്ത് തീരദേശം

കൊല്ലം നീണ്ടകര ഹാർബറിനു സമീപം കടലിൽ മറിഞ്ഞ വള്ളം ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചപ്പോൾ
സ്വന്തംലേഖിക
Published on Aug 01, 2026, 01:03 AM | 1 min read
കൊല്ലം
ട്രോളിങ് നിരോധനശേഷം കടലിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിനിടെ എത്തിയ ദുരന്തവാർത്തയിൽ നടുങ്ങി ജില്ലയുടെ തീരദേശം. മൂന്നുദിവസത്തിനിടെ രണ്ട് അപകടങ്ങളിലായി രണ്ടുപേരുടെ ജീവൻ പൊലിയുകയും രണ്ടുപേരെ കാണാതാകുകയും ചെയ്‌തതിന്റെ ഞെട്ടലിലാണ് അവർ. വെള്ളി രാവിലെ ആറിന് നീണ്ടകരയിൽനിന്നു മീൻപിടിക്കാൻപോയ ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒൗട്ട്‌ബോർഡ് ഫൈബർ വള്ളത്തിലെ തൊഴിലാളികളാണ് വെള്ളിയാഴ്‌ച അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാകുകയുംചെയ്‌തു. 14പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. നീണ്ടകര തുറമുഖത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ പുലിമുട്ടിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടം കണ്ട് മീൻപിടിത്തത്തിലേര്‍പ്പെട്ടിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് 11 പേരെ രക്ഷപ്പെടുത്തിയത്. ചവറ പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരുമകൻ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണൻ (47), രാധാകൃഷ്‌ണന്റെ മകൻ ഗൗതം കൃഷ്ണൻ (26)എന്നിവരെയാണ് കാണാതായത്. ബുധൻ രാവിലെ 6.30നാണ് തങ്കശ്ശേരി പുലിമുട്ടിനടുത്ത് ബോട്ട് മറിഞ്ഞ് യുവാവിനെ കടലിൽ കാണാതായത്. മുണ്ടയ്‌ക്കൽ കളീക്കൽ കടപ്പുറത്ത് റോയിസണിന്റെ (43) മൃതദേഹം വ്യാഴം രാത്രി വൈകിയാണ് ലഭിച്ചത്. പള്ളിത്തോട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘അത്ഭുതമാതാവ്’ എന്ന ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞായിരുന്നു അപകടം. രാത്രി കടലിൽ ഇട്ട വല എടുത്ത് തിരികെ തീരത്തേക്ക് അടുത്തപ്പോഴുണ്ടായ വൻ തിരയിലാണ് ബോട്ട് മറിഞ്ഞത്. റോയിസണും പിതൃസഹോദരൻ കൊല്ലം മുണ്ടയ്‌ക്കൽ കളീക്കൽ ഹർഷഭവനിൽ സിറിലും (65)മാത്രമേ വള്ളത്തിലുണ്ടായിരുന്നുള്ളൂ. സിറിലിനെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ശക്തമായ തിരമാലയുള്ളതിനാൽ വളരെ ബുദ്ധിമുട്ടിയാണ് മൃതദേഹത്തിന് അടുത്തേക്ക് കോസ്റ്റൽ പൊലീസിനും മറ്റും എത്താനായത്.










0 comments