print edition തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങൾ

പ്രതീകാത്മക ചിത്രം
കൊച്ചി: തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. തെരുവുനായകളെ നിയന്ത്രിക്കേണ്ടത് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നിയമപരമായ ഉത്തരവാദിത്വമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ അധികൃതർ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. 2007ൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ എഴുപതുകാരന് 10,000 രൂപ നഷ്ടപരിഹാരം വിധിച്ച കോടതിവിധിക്കെതിരെ കണ്ണൂർ എരുവേശി പഞ്ചായത്ത് സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
തെരുവുനായകളെ പിടികൂടാനും വന്ധ്യംകരിക്കാനും നടപടിയെടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനായി മേൽനോട്ടസമിതികൾ രൂപീകരിക്കുകയും നായകളുടെ കണക്കെടുക്കുകയും വേണം. ഫണ്ടില്ലെന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയരുത്. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ പൗരന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായ ആക്രമണമുണ്ടായി ആറുമാസത്തിനകം കേസ് നൽകണമെന്ന പഞ്ചായത്തിരാജ് നിയമത്തിലെ നിബന്ധന ഇത്തരം സംഭവങ്ങളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. അധികൃതരുടെ അനാസ്ഥമൂലമുള്ള പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരത്തിനായി മൂന്നുവർഷത്തിനുള്ളിൽ കോടതിയെ സമീപിക്കാം. തെരുവുനായകളെ നിയന്ത്രിക്കാൻ ചുമതലയുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരതതടയൽ നിയമത്തിലെ വ്യവസ്ഥയും ജനനനിയന്ത്രണ ചട്ടങ്ങളും അതിന് തടസ്സമാണെന്ന് ഹർജിക്കാരായ പഞ്ചായത്ത് വാദിച്ചു. നടപടികൾക്ക് സർക്കാരിൽനിന്ന് ഫണ്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇതൊന്നുംപറഞ്ഞ് ചുമതലയിൽനിന്ന് ഒഴിയാനാകില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.










0 comments