നെല്ല് സംഭരണം
കുടിശ്ശിക 67 കോടി

കോട്ടയം
ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷിക്കൊരുങ്ങുന്പോഴും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശിക 67 കോടി കർഷകർക്ക് കിട്ടിയില്ല. ബാങ്കുകളിൽനിന്ന് പണം കിട്ടാത്തവർ കടം വാങ്ങിയും നഷ്‌ടം സഹിച്ചുമാണ് വിരിപ്പുകൃഷിക്ക് നിലം ഒരുക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യവുമായി സർക്കാർ ധാരണപത്രം പുതുക്കുന്നത് വൈകിയതാണ് പണം കിട്ടാൻ വൈകുന്നത്. മന്ത്രിസഭാ രൂപീകരണവും വകുപ്പു വിഭജനവും നീണ്ടതും പ്രശ്‌നം രൂക്ഷമാക്കി. കനറ, എസ്ബിഐ ബാങ്കുകളാണ് നെല്ലുവില വായ്പയായി കൊടുക്കുന്നത്. പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടയ്‌ക്കുന്നത് സംസ്ഥാന സർക്കാരാണ്. കുടിശ്ശിക പൂർണമായും ലഭിച്ചാലേ കരാർ പുതുക്കൂവെന്ന് ബാങ്കുകൾ തീരുമാനിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. നിലവിൽ പിആർഎസ്(കൈപ്പറ്റ് രസീത്) നൽകിയവർക്ക് പണം നൽകി വരുന്നുണ്ട്. എന്നാൽ നിരവധി കർഷകർക്ക് പണം ഇനിയും കിട്ടാനുണ്ട്. എല്ലാവർക്കും പണം വേഗത്തിൽ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ലിന് സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. എന്നാൽ സംഭരണവില കൊടുക്കുമെന്ന് മാത്രമായിരുന്നു ബജറ്റ് പ്രസംഗത്തിലെ പരാമർശം. കഴിഞ്ഞ ബജറ്റിലാണ് സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാർ വർധിപ്പിച്ചത്. കൂടാതെ നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടിയും വകയിരുത്തിയിരുന്നു. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ നിര്‍ദേശങ്ങളില്ല. ഉൽപ്പാദനച്ചെലവ് കുത്തനെ കൂടിയതിനാൽ സംഭരണവില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. തൊഴിലാളികളെ കിട്ടാനില്ലാത്തതും കൊയ്‌ത്തുയന്ത്രങ്ങളുടെ വാടക കൂട്ടിയതും കർഷകർക്ക് തിരിച്ചടിയാണ്. രാസവളം വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.











0 comments