ad
Deshabhimani

സുൽത്താന്റെ സ്മരണകൾക്ക്‌ 
കരുത്തും കാന്പുമായി ട്രസ്റ്റ്‌

sulthaante ujvalasmaranakal
വെബ് ഡെസ്ക്

Published on Jul 05, 2026, 12:16 AM | 1 min read

തലയോലപ്പറമ്പ് കഥകളുടെ സുൽത്താന്റെ ഉജ്വലസ്മരണകൾ കെടാതെ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് മികവാർന്ന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട്ടിൽ അദ്ദേഹം കളിച്ചു വളർന്ന മൂവാറ്റുപുഴയാറിന്റെ തീരത്ത് ബഷീർ സ്മാരക മന്ദിരം നിർമിക്കാനും ബഷീർ സ്മാരക ട്രസ്റ്റ് നേതൃത്വം നൽകി. സ്മാരക മന്ദിരത്തിൽ അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ലൈബ്രറി കേരളത്തിലെ പ്രധാന റഫറൻസ് ലൈബ്രറിയാണ്‌. സ്മാരക മന്ദിരത്തിന്റെ അങ്കണത്തിൽ അദ്ദേഹത്തിനേറെയിഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മാവിന്റെ ചുവട്ടിൽ ബഷീറിന്റെ ശിൽപ്പവും സ്ഥാപിച്ചിട്ടുണ്ട്. ബഷീറിന്റെ ജീവസുറ്റ കഥാപാത്രങ്ങളെ ആർട്‌ ഗ്യാലറിയിൽ ചിത്രീകരിച്ചിട്ടുണ്ട്‌. ബഷീറിന്റെ ജന്മശതാബ്ദി വർഷം മുതൽ ബഷീർ അവാർഡും ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. 50,000 രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്ന അവാർഡ് മലയാള സാഹിത്യ രംഗത്തെ പ്രധാനപ്പെട്ടവയിലൊന്നായിട്ടുണ്ട്‌. വിവിധ സ്കൂളുകളിലെ കുട്ടികൾ അധ്യാപകരോടൊപ്പം ബഷീർ സ്മാരകമന്ദിരം സന്ദർശിക്കുന്നതും പതിവാണ്. അഡ്വ. പി കെ ഹരികുമാർ ചെയർമാനും ഡോ. സി എം കുസുമൻ സെക്രട്ടറിയുമായ ഭരണസമിതിയിൽ ഡോ. വി കെ ജോസ്, ടി എൻ രമേശൻ, തങ്കമ്മ വർഗീസ്, സുഭാഷ് പുഞ്ചക്കോട്ടിൽ, എം അനിൽകുമാർ എന്നിവർ അംഗങ്ങളാണ്. സാഹിത്യരംഗത്തെ പ്രതിഭകളുടെ അനുസ്മരണങ്ങൾ, സാഹിത്യസംവാദങ്ങൾ, പുസ്തക ചർച്ചകൾ എന്നിവ ബഷീർ സ്മാരക മന്ദിരത്തിൽ നിത്യേനയായി സംഘടിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ നിലനിർത്തുന്നതിനൊപ്പം സമകാലിക സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് മുൻകൈയെടുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home